നിവിന്‍ പോളി ബോഡി ഷെയ്മിങ് നടത്തിയിട്ടില്ല, യഥാര്‍ത്ഥ പൊലീസുകാരുടെ ശൈലിയൊക്കെ ഇതിലും അസഹനീയമാണ്: മഞ്ജു വാണി
Entertainment news
നിവിന്‍ പോളി ബോഡി ഷെയ്മിങ് നടത്തിയിട്ടില്ല, യഥാര്‍ത്ഥ പൊലീസുകാരുടെ ശൈലിയൊക്കെ ഇതിലും അസഹനീയമാണ്: മഞ്ജു വാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th February 2023, 11:13 am

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി മഞ്ജു വാണി.

യഥാര്‍ത്ഥ പൊലീസുകാര്‍ എങ്ങനെയാണ് പെരുമാറുന്നതെന്നാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും തന്റെ അച്ഛനൊരു പൊലീസുകാരനായതുകൊണ്ട് അക്കാര്യം കൃത്യമായി അറിയാമെന്നും അവര്‍ പറഞ്ഞു. യഥാര്‍ത്ഥ പൊലീസുകാര്‍ ഇതിലും മോശമായിട്ടാണ് സംസാരിക്കുന്നതെന്നും സീ മലായാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ ബിജു എന്ന പോലീസ് ഉദ്യോഗസ്ഥനെ ഒരു റാങ്ക് ഹോള്‍ഡറായിട്ടാണ് കാണിക്കുന്നത്. ആ കഥാപാത്രം വളരെ സമര്‍ത്ഥനും ബുദ്ധിമാനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അങ്ങനെയുള്ള ഒരു പൊലീസുകാരന്റെ അടുത്ത് ഒരു സാധാരണക്കാരിയായ സ്ത്രീ പരിചയമില്ലാത്ത ഓട്ടോ ഡ്രൈവര്‍ തന്റെ കരണത്തടിച്ചു എന്ന് പറയുകയാണ്.

ഒരു കാരണവുമില്ലാതെ ആ സ്ത്രീ തന്നെ ഒരാള്‍ കരണത്തടിച്ചുവെന്ന് പറയുമ്പോള്‍, അത് ഉടായിപ്പാണെന്ന് നിവിന്‍ പോളിയുടെ കഥാപാത്രത്തിന് മനസിലാക്കാന്‍ സാധിക്കും. പിന്നീട് ആ സീനില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സ്ത്രീയും ഓട്ടക്കാരനും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നെന്നും വിവാഹിതയായ സ്ത്രീ ഓട്ടോറിക്ഷക്കാരനുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് പരമാവധി ഊറ്റുക എന്ന ലക്ഷ്യത്തോടെയാണെന്നും വ്യക്തമാക്കുന്നുണ്ട്.

അതിനുശേഷം നിവിന്‍ പോളിയുടെ കഥാപാത്രം എന്റെ കഥാപാത്രത്തെ സാധനം എന്ന് വിളിച്ച് ഓബ്‌ജെക്ടിഫൈ ചെയ്തു. ഒരു സ്ത്രീയെ അങ്ങനെ പറയാമോ എന്നൊക്കയുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ആ സിനിമ ഉദ്ദേശിച്ചത് പോലീസുകാരുടെ പച്ചയായ ഒരു ശൈലിയും സംസാരരീതിയും കാണിക്കാനാണ്. ശരിക്കും പറഞ്ഞാല്‍ പൊലീസുകാരുടെ ഭാഷയും ശൈലിയുമൊക്കെ ഇതിലും അസഹീനയമാണ്.

എന്റെ അച്ഛന്‍ ഒരു പൊലീസ്  ഉദ്യോഗസ്ഥനാണ്. ഞാനൊരു വക്കീലുമാണ്. അതുകൊണ്ട് തന്നെ പൊലീസുകാരുടെ ശൈലിയൊക്കെ എങ്ങനെയാണെന്ന് നന്നായി അറിയാം. എന്നാല്‍ സിനിമയില്‍ അതെല്ലാം വളരെ മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധനം എന്നുപറഞ്ഞത് ബോഡി ഷെയ്മിങ്ങായത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ഒരുപക്ഷെ എന്റെ ശരീരഘടനയായിരിക്കാം ആ വിവാദങ്ങളിലേക്ക് വഴിവെച്ചത്,’ മഞ്ജു വാണി പറഞ്ഞു.

content highlight: actress manju vani about action hero biju movie body shaming statement