ബ്ലൗസും മുണ്ടുമായിരുന്നു വേഷം, ദേഹത്ത് ഇടാന്‍ തോര്‍ത്ത് പോലും ഇല്ലായിരുന്നു; ബോള്‍ഡാകാന്‍ വള്‍ഗാരിറ്റിയുടെ ആവശ്യമില്ലല്ലോ: മഞ്ജു പിള്ള
Entertainment news
ബ്ലൗസും മുണ്ടുമായിരുന്നു വേഷം, ദേഹത്ത് ഇടാന്‍ തോര്‍ത്ത് പോലും ഇല്ലായിരുന്നു; ബോള്‍ഡാകാന്‍ വള്‍ഗാരിറ്റിയുടെ ആവശ്യമില്ലല്ലോ: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd December 2022, 5:36 pm

ടീച്ചര്‍ എന്ന സിനിമയിലെ കഥാപാത്രം താന്‍ ആദ്യം വേണ്ടെന്ന് വെച്ചതായിരുന്നുവെന്ന് നടി മഞ്ജു പിള്ള. സിനിമയിലെ കോസ്റ്റിയൂം തന്റെ ശരീരത്തിന് ചേര്‍ന്നതായിരുന്നില്ലായെന്നും, അതുകൊണ്ടാണ് കഥാപാത്രം വേണ്ടെന്ന് വെക്കാന്‍ ഒരുങ്ങിയതെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ശരിക്കും പറഞ്ഞാല്‍ ഞാന്‍ വേണ്ടെന്ന് വെച്ച സനിമയാണ് ടീച്ചര്‍. അതിലെ ചെറിയ ഒന്ന് രണ്ട് പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ചെയ്താല്‍ ശരിയാവില്ല എന്ന് കരുതി. എന്റെയെടുത്ത് ആദ്യം കഥവന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് കഥ മുഴുവനും കേള്‍ക്കണമെന്ന്. ഞാന്‍ എപ്പോഴും അങ്ങനെയാണ്.

കഥ മുഴുവനും കേട്ടിട്ട് എന്റെ കഥാപാത്രത്തിന് കഥയില്‍ എന്തെങ്കിലും പ്രാധാന്യം ഉണ്ടോയെന്ന് നോക്കും. വെറുതെ വന്ന് പോകുന്ന കഥാപാത്രം ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. അങ്ങനെ എന്നോട് കഥ വന്ന് പറഞ്ഞു.

പക്ഷെ കഥ മുഴുവനും കേട്ടപ്പോള്‍, എന്റെ ശരീരത്തിന് ഒട്ടും ചേരാത്ത വേഷമായിരുന്നു സിനിമയിലേത്. ബ്ലൗസും മുണ്ടും മാത്രമാണ് വേഷം. മുകളില്‍ ഇടാന്‍ തോര്‍ത്ത് പോലും ഇല്ലായിരുന്നു.

ആ കോസ്റ്റിയൂം കണ്ടപ്പോള്‍ തന്നെ എനിക്ക് പറ്റില്ലായെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം ആ വേഷം എന്റെ ശരീരത്തിന് ഒട്ടും ചേരില്ല. ഇപ്പോഴാണ് എന്റെ ശരീരം ഒന്ന് ഫിറ്റായത് തന്നെ. എനിക്ക് അന്ന് അത്യാവശ്യം തടി ഉണ്ടായിരുന്നു.

ബോള്‍ഡ്‌നെസ് കാണിക്കാന്‍ വള്‍ഗാരിറ്റിയുടെ ആവശ്യമില്ലെന്ന് ഞാന്‍ കരുതി. എനിക്ക് ഈ വേഷം ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ആ വേഷത്തില്‍ അഭിനയിച്ചാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഞാന്‍ വസ്ത്രത്തില്‍ ആയിരിക്കും. എനിക്ക് അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.

ഈ കഥാപാത്രം ചുരുങ്ങിക്കൂടി നടക്കുന്ന ഒരു സ്ത്രീയല്ല. എപ്പോഴും നെഞ്ച് വിരിച്ച് മാത്രമെ നടക്കുകയുള്ളു. ഒരു പുരുഷന്റെ നോട്ടത്തെ തന്റെ നോട്ടംകൊണ്ട് ഇല്ലാതാക്കുന്ന സ്ത്രീയാണ്. കഥാപാത്രം ബീഡിയൊക്കെ വലിക്കുന്നുണ്ട്. ഞാന്‍ അതൊക്കെ ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ വസ്ത്രം മാത്രം എനിക്ക് പ്രശ്‌നമായിരുന്നു. അവസാനം എന്റെ ആവശ്യം അവര്‍ അംഗീകരിച്ചു. ശരി ചേച്ചി, ചേച്ചി പറഞ്ഞത് പോലെ ചെയ്യാമെന്ന് പറഞ്ഞു,’ മഞ്ജു പിള്ള പറഞ്ഞു.

അതിരന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ടീച്ചര്‍. ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നായിക അമല പോളാണ്. ഒരു ഇടവേളക്ക് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന സവിശേഷതയും ഈ സിനിമക്കുണ്ട്. ഇമോഷണല്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണിത് എന്നാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും താരങ്ങളും പറയുന്നത്.

content highlight: actress manju pillai talks about her costume and new movie teacher