| Monday, 30th August 2021, 10:10 am

ഇതുവരെ എല്ലാ ഇന്റര്‍വ്യൂകളിലും ഇന്ദ്രന്‍സ് പാവമാണെന്ന് ഞാന്‍ പറഞ്ഞു, പക്ഷെ സെറ്റിലെ അദ്ദേഹത്തിന്റെ കുസൃതികള്‍ പറയാതിരിക്കാനാവില്ല; മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്ത കൂട്ടുക്കെട്ടായി മാറിയിരിക്കുകയാണ് മഞ്ജു പിള്ളയും ഇന്ദ്രന്‍സും. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റായി ഇന്ദ്രന്‍സെത്തിയപ്പോള്‍ ഭാര്യയായ കുട്ടിയമ്മയായിട്ടായിരുന്നു മഞ്ജു പിള്ളയെത്തിയത്.

നേരത്തെ തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നതുകൊണ്ടാണ് തങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഇത്രയും മനോഹരമായതെന്ന് ഹോമിന് പിന്നാലെ വന്ന പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ദ്രന്‍സുമായുള്ള രസകരമായ ഒരു മുന്‍കാല അനുഭവം പങ്കുവെക്കുയാണ് മഞ്ജു പിള്ള.

ഇന്ദ്രന്‍സ് വളരെ നിഷ്‌കളങ്കനും പാവവുമാണെന്നാണ് താന്‍ ഇതുവരെ വന്ന അഭിമുഖങ്ങളിലെല്ലാം പറഞ്ഞതെന്നും എന്നാല്‍ ചില സിനിമാസെറ്റുകളില്‍ അദ്ദേഹം വലിയ കുസൃതികള്‍ ഒപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മഞ്ജു പിള്ള പറയുന്നത്.

‘ഇന്ദ്രേട്ടനെ കണ്ടാല്‍ പാവം എന്നൊക്കെ പറയും. ഇത്രയും ഇന്റര്‍വ്യൂകളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ല. അന്ന് ആ സിനിമാസെറ്റില്‍ വെച്ച് ആള്‍ അത്രയും കുസൃതിത്തരങ്ങള്‍ ഒപ്പിച്ചിരുന്നു. തിരുവനന്തപുരത്തൊക്കെ കുസൃതിയെ കുണ്ടണി എന്നും കുസൃതിക്കാരനായ ആളെ കുണ്ടണി പാച്ചു എന്നൊക്കെ പറയും. അങ്ങനെയായിരുന്നു ഇന്ദ്രേട്ടന്‍.

ഇന്ദ്രേട്ടന്‍ സിനിമയിലെ മേക്കപ്പ് വിഭാഗത്തിലെ അസിസ്റ്റന്റുമാരോട് ചെന്ന് എന്റെ കൂടെ വന്നിട്ടുള്ള അസിസ്റ്റന്റുമാര്‍ വിളിക്കുന്നുവെന്ന് പറയും. അവര്‍ എന്റെ അസിസ്റ്റന്റായ ജ്യോതി വിളിക്കുന്നുവെന്ന് വിചാരിച്ച് ഇങ്ങോട്ടു വരും.

ആ നേരം കൊണ്ട് ഇന്ദ്രേട്ടന്‍ എന്റെയടുത്ത് വരും, എന്നിട്ട് പറയും ‘നിങ്ങള്‍ ഇവിടെയിങ്ങനെ ഇരുന്നോ ഒന്നും അറിയണ്ടല്ലോ. അവിടെ നിങ്ങളുടെ അസിസ്റ്റന്റിനെ എല്ലാവരും കൂടെ ആക്രമിക്കുന്നു. അവര്‍ ലൈനടിക്കുവാണ്. നിങ്ങള്‍ക്ക് ചീത്ത പേരാവും’ എന്ന്.

ഞാന്‍ അവിടേക്ക് ഓടിച്ചെല്ലുമ്പോഴാണ് ജ്യോതിചേച്ചി വിളിക്കുന്നുവെന്ന് ഇന്ദ്രേട്ടന്‍ പറഞ്ഞു എന്ന് അവര്‍ പറയുക. അങ്ങനെ കുറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ട്,’ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പിള്ള പറഞ്ഞു.

ഇങ്ങനെ ചില കുസൃതികളൊക്കെയുണ്ടെങ്കിലും ഇന്ദ്രന്‍സ് വളരെ പാവവും നിഷ്‌കളങ്കനുമായ മനുഷ്യന്‍ തന്നെയാണെന്ന് മഞ്ജു ആവര്‍ത്തിച്ചു. ഏറെ എളിമയുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും മഞ്ജു പറഞ്ഞു.

പ്രായമാകും തോറും ആളുകള്‍ ചെറുപ്പമാകുമെന്നും കുഞ്ഞുങ്ങളെ പോലെയാകുമെന്നും പറയുന്നത് ഇന്ദ്രന്‍സിലാണ് നേരിട്ടു കാണുന്നതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Manju Pillai shares funny experience with Indrans

We use cookies to give you the best possible experience. Learn more