എട്ട് സിഗരറ്റാണ് ആ സിനിമക്ക് വേണ്ടി ഇരുന്ന് വലിച്ചത്; ശ്വാസം മുട്ടി കൃത്രിമശ്വാസം വരെ തരേണ്ടി വന്നു: മഞ്ജു പിള്ള
Entertainment news
എട്ട് സിഗരറ്റാണ് ആ സിനിമക്ക് വേണ്ടി ഇരുന്ന് വലിച്ചത്; ശ്വാസം മുട്ടി കൃത്രിമശ്വാസം വരെ തരേണ്ടി വന്നു: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 9:08 am

അമല പോള്‍ നായികയായ പുതിയ ചിത്രമാണ് ടീച്ചര്‍. ചിത്രത്തില്‍ അമലയുടെ അമ്മയുടെ വേഷം ചെയ്തത് നടി മഞ്ജു പിള്ളയാണ്. ടീച്ചറില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് മഞ്ജു.

സിനിമയില്‍ സിഗരറ്റ് വലിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ഒരു സീനിന് വേണ്ടി 8 സിഗരറ്റ് വലിക്കേണ്ടി വന്നുവെന്നും അത് തനിക്ക് ശാരിരീകമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മഞ്ജു പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

”ടീച്ചര്‍ സിനിമയില്‍ ഞാന്‍ ബീഡിയൊക്കെ വലിക്കുന്നുണ്ട്. അവിടെ ചെന്നിട്ടാണ് സ്‌മോക്ക് ചെയ്യാന്‍ പഠിച്ചത്. ചെറുപ്പത്തില്‍ വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയിട്ട് ഞാന്‍ സിഗരറ്റ് വലിച്ചിട്ടുണ്ട്. എനിക്ക് ഒരു എട്ട്, പത്ത് വയസുള്ളപ്പോഴായിരുന്നു അത്. അന്ന് നമുക്ക് അറിയില്ലല്ലോ. വലിച്ച് ശ്വാസം മുട്ടി കൃത്രിമശ്വാസം തരേണ്ടി വന്നു.

വലിച്ചതിന് ശേഷം അകത്തേക്ക് എടുക്കുമ്പോഴാണ് നമ്മള്‍ ചുമക്കുക. വായില്‍ എടുത്ത് പുറത്തേക്ക് വിട്ട് കഴിഞ്ഞാല്‍ ചുമക്കില്ല. പക്ഷേ സംവിധായകന് അത് പോരായിരുന്നു. വളരെ എക്‌സ്പീരിയന്‍സ്ഡ് ആയിട്ട് ചെയ്യണമെന്ന് പറഞ്ഞു.

അവിടെ വെച്ച് അകത്തേക്ക് എടുക്കും ചുമക്കും എന്ന അവസ്ഥയായിരുന്നു. പിന്നീട് ഞാന്‍ ആ ട്രിക്ക് മനസിലാക്കി. പക്ഷെ ഒരു സീനില്‍ എനിക്ക് മാത്രം ഡയലോഗ് ഉള്ളതുണ്ടായിരുന്നു. അതും സിഗരറ്റ് വലിച്ചു കൊണ്ട് വേണം ഡയലോഗ് പറയാന്‍.

ആ സീനിന് വേണ്ടി എട്ട് സിഗരറ്റാണ് ടേക്കിന് വേണ്ടി മാത്രം ഞാന്‍ വലിച്ചത്. അതിന് മുമ്പ് പ്രാക്ടീസ് ചെയ്യാനായിട്ട് ഒരു ആറെണ്ണം വലിച്ചിട്ടുണ്ടാകും. അതോടെ എനിക്ക് മതിയായി. പിന്നീട് തലക്ക് ഭയങ്കര ബുദ്ധിമുട്ടായി. എനിക്ക് സിഗരറ്റ് പറ്റില്ല. പക്ഷെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ സീന്‍ അടിപൊളിയായിരുന്നു. എനിക്ക് വലിയ ഇഷ്ടമായി,” മഞ്ജു പിള്ള പറഞ്ഞു.

മഞ്ജു പിള്ളക്ക് പുറമെ ഹക്കീം ഷാ, ചെമ്പന്‍ വിനോദ്, മാല പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ടീച്ചര്‍.

content highlight: actress manju pillai about teacher movie