നായികയായി നില്‍ക്കാതെ കെ.പി.എ.സി ലളിത ചെയ്ത റോളുകള്‍ ചെയ്യാന്‍ പറഞ്ഞു; അതൊക്കെയാണ് ഫെമിനിസം: മഞ്ജു പിള്ള
Entertainment news
നായികയായി നില്‍ക്കാതെ കെ.പി.എ.സി ലളിത ചെയ്ത റോളുകള്‍ ചെയ്യാന്‍ പറഞ്ഞു; അതൊക്കെയാണ് ഫെമിനിസം: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th February 2023, 3:32 pm

കെ.പി.എ.സി ലളിതയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി മഞ്ജു പിള്ള. തട്ടീം മുട്ടീയില്‍ അഭിനയിക്കുമ്പോള്‍ കെ.പി.എ.സി ലളിത കടന്നുവന്ന വഴികളെക്കുറിച്ചും അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ചുമായിരുന്നു തനിക്ക് പറഞ്ഞ് തന്നിരുന്നതെന്നും മഞ്ജു പിള്ള പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയാണ് ആദ്യമായി കെ.പി.എ.സി ലളിതയുടെ പേര് പറഞ്ഞ് തന്നെ മോട്ടിവേറ്റ് ചെയ്തതെന്നും മഞ്ജു പിള്ള പറഞ്ഞു. അവര്‍ ചെയ്യുന്ന റോളുകള്‍ ചെയ്യണമെന്നും നായികയായാല്‍ ഇടക്ക് വെച്ച് കരിയറില്‍ നിന്ന് പോകുമെന്നാണ് തന്നോട് പറഞ്ഞതെന്നും മഞ്ജു പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലളിതാമ്മയെ ഞാന്‍ അമ്മ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. അമ്മയെക്കുറിച്ച് പറയുകയാണെങ്കില്‍ അമ്മ വന്ന വഴികളില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. തട്ടിം മുട്ടിം ചെയ്യുന്ന സമയത്ത് ഫുള്‍ ടൈം ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

 

ആ സമയത്ത് ഒക്കെ എന്നോട് പറഞ്ഞ് കൊണ്ടിരുന്നത് പഴയ കാര്യങ്ങളാണ്. അമ്മ വന്ന വഴികള്‍, അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒക്കെയാണ്. ഫെമിനിസം എന്നൊക്കെ പറയുന്നത് അതൊക്കെയാണ്. ഫെമിനിസ്റ്റ് എന്നല്ല അതായത് സ്ത്രീത്വമെന്ന് പറയുന്നത് അവരുടെതായുള്ള സ്ത്രീത്വം ഉറപ്പിക്കുന്നതാണ്. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവര്‍ക്ക് അതുകൊണ്ട് തന്നെ ആരുടെയും മുന്നില്‍ തല കുനിക്കേണ്ടി വന്നിട്ടില്ല. അവര്‍ പോരാടി നേടിയതാണ്. അതില്‍ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല. അവര്‍ കലയെ നശിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ലളിതാമ്മയെ പോലെയുള്ള സുകുമാരിമ്മ, മീനമ്മ, ശങ്കരാടിയങ്കിള്‍, ഒടുവില്‍ അങ്കിള്‍ തുടങ്ങിയവരെ തീരാ നഷ്ടം എന്ന് പറയുന്നത്. അവര്‍ക്ക് പകരം വെക്കാന്‍ ആരുമില്ല.

ശ്രീകുമാരന്‍ തമ്പി സാറാണ് ആദ്യമായിട്ട് ലളിതാമ്മയുടെ പേര് പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. ഗസ്റ്റ് അപ്പിയറന്‍സ് ചെയ്യാന്‍ സാറിന്റെ സീരിയലിന് വേണ്ടി ഒറ്റ എപ്പിസോഡിനായിട്ട് പോയതാണ്. ഇഷ്ടമായിട്ട് സാര്‍ അത് കുറേ നീട്ടി.

പോരാന്‍ നേരത്ത് നീ ഭാവിയിലെ കെ.പി.എ.സി ലളിതയാണെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് നായികയായി നില്‍ക്കാതെ കെ.പി.എസി ലളിതയും സുകുമാരിയൊക്കെ ചെയ്യുന്ന റോളുകള്‍ ചെയ്യാന്‍ എന്നോട് പറഞ്ഞു. അത്തരം റോള്‍സ് ചെയ്തില്ലെങ്കില്‍ ഇടക്ക് വെച്ച് നീ നിന്ന് പോകും മറ്റേത് അവസാനം വരെ അഭിനയിക്കാമെന്നും എന്നോട് പറഞ്ഞു,” മഞ്ജു പിള്ള പറഞ്ഞു.

content highlight: actress manju pillai about kpac lalitha