| Monday, 23rd August 2021, 10:28 am

കുട്ടിയമ്മയായി ജീവിക്കാന്‍ കഴിഞ്ഞത് ഇന്ദ്രന്‍സിനോടൊപ്പം അഭിനയിച്ചതു കൊണ്ട്; അത്രയും കംഫര്‍ട്ടായ അന്തരീക്ഷമായിരുന്നു: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജു പിളള. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനമുറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി കുടുംബ സദസുകളെ ആവോളം ചിരിപ്പിച്ച താരം ഇപ്പോള്‍ ഹോമിലെ കുട്ടിയമ്മയായും പ്രേക്ഷകരുടെ മനസിലെത്തി.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായിട്ടാണ് മഞ്ജു അഭിനയിച്ചത്. പ്രേക്ഷക പ്രീതി ലഭിച്ച കുട്ടിയമ്മയ്ക്ക് ആരാധകരും കൂടിയിട്ടുണ്ട്.

തന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ് എന്നാണ് മഞ്ജു പിളള പറയുന്നത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും തന്നെ എന്നും അതിശയിപ്പിച്ചിട്ടുളള വ്യക്തിയാണ് അദ്ദേഹമെന്നും താരം പറയുന്നു.

ഇന്ദ്രന്‍സിനോടൊപ്പം അഭിനയിച്ചതു കൊണ്ടാണ് തനിക്ക് കുട്ടിയമ്മയായി ജീവിക്കാന്‍ കഴിഞ്ഞതെന്നാണ് മഞ്ജു പിളളയുടെ അഭിപ്രായം. തനിക്ക് അത്രയും കംഫര്‍ട്ടായ അന്തരീക്ഷമായിരുന്നു ഇന്ദ്രന്‍സിനോടൊപ്പമെന്നും മഞ്ജു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിലാണ് താരം ഇന്ദ്രന്‍സിനേപ്പറ്റി സംസാരിച്ചത്.

മഞ്ജുവുമായി മാനസികമായി നല്ല ചേര്‍ച്ചയാണെന്നും അഭിനയിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നെന്നും ഇന്ദ്രന്‍സും പറഞ്ഞിരുന്നു.

മഞ്ജു പിളളയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുട്ടിയമ്മ എന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തിലിറങ്ങിയ മികച്ച ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നു ഹോം. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യാണ് മഞ്ജു പിളളയുടേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Manju Pillai about Indrans and Home Movie

We use cookies to give you the best possible experience. Learn more