നടന്‍ ജഗദീഷിനൊപ്പം അഭിനയിച്ച സീരിയലിന്റെ വിശേഷങ്ങള്‍ പറയുകയാണ് നടി മഞ്ജു പിള്ള. അതുവരെ ഉണ്ടായിരുന്ന സീരിയല്‍ സങ്കല്‍പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ആ സീരിയലെന്ന് നടി പറഞ്ഞു. അക്കാലത്ത് പലരും ജഗദീഷും താനും ഭാര്യയും ഭര്‍ത്താവുമാണെന്നാണ് കരുതിയിരുന്നതെന്നും മഞ്ജു പിള്ള പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ന്യൂ ജെന്‍ എന്ന് പറയാന്‍ ആകില്ല. എങ്കിലും യങ്സ്റ്റേഴ്‌സിന്റെ ഇടയില്‍ കുറച്ചെങ്കിലും മാറ്റം വരുത്തിയ സീരിയലായിരുന്നു അത്. പണ്ടുള്ള സീരിയലുകള്‍ കഥപറയുന്ന സ്റ്റൈലില്ല തട്ടീം മുട്ടീം ഞങ്ങള്‍ ചെയ്തത്. ഇതുപോലെയൊരു പരമ്പര ഞാന്‍ ഏഷ്യാനെറ്റില്‍ ചെയ്തിരുന്നു. വിശ്വനാഥനും സുലുവും അക്കാലത്ത് വലിയ ഹിറ്റായിരുന്നു. എന്നെയും ജഗദീഷേട്ടനെയും ഭാര്യയും ഭര്‍ത്താവുമായി കണ്ടിരുന്ന വീട്ടുകാര്‍ വരെയുണ്ടായിരുന്നു,’ മഞ്ജു പിള്ള പറഞ്ഞു.
തട്ടീം മുട്ടീം എന്ന സീരിയലിന്റെ വിശേഷങ്ങളും കെ.പി.എ.സി ലളിതക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങളും ഇരുവരും തമ്മിലുള്ള വ്യക്തി ബന്ധത്തെ കുറിച്ചും മഞ്ജു പറഞ്ഞു.
‘ഞാനും ലളിതാമ്മയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നത് തട്ടീം മുട്ടീം വന്നതിനുശേഷമാണ്. എറണാകുളത്തേക്ക് എന്നെ മാറ്റി താമസിപ്പിക്കുന്നത് ലളിതാമ്മയാണ്. എന്നെ പലകാര്യങ്ങളിലും പിന്തുണച്ചതും ലളിതാമ്മ തന്നെയാണ്. സിദ്ധുവും അമ്മയും ഒരുമിച്ച് താമസിച്ച ഫ്‌ളാറ്റിന് താഴെയാണ് എനിക്ക് റൂമെടുത്ത് തന്നത്.
ഞാന്‍ അമ്മ എന്ന് തന്നെയാണ് ലളിതാമ്മയെ വിളിച്ചിരുന്നത്. അമ്മ വന്ന വഴികള്‍ നമുക്ക് പഠിക്കാന്‍ ഒരുപാടുണ്ട്. ഫെമിനിസം എന്ന് പറയുന്നത് അതൊക്കെയാണ്. ശ്രീകുമാരന്‍ തമ്പി സാര്‍ എന്നെ ലളിതാമ്മയുടെ പേര് പറഞ്ഞാണ് മോട്ടിവേറ്റ് ചെയ്യുന്നത്.
തട്ടീം മുട്ടീം സെറ്റില്‍ പോകുന്നത് ഷൂട്ടിങ്ങിന് പോകുന്നത് പോലെ തോന്നില്ലായിരുന്നു. അത് എന്റെ ജീവിതം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്‍ അഭിനയിക്കുന്ന പിള്ളേരാണെങ്കിലും നമ്മുടെ സ്വന്തം മക്കളെ പോലെയാണ്,’ മഞ്ജു പിള്ള പറഞ്ഞു.
content highlight: actress manju pillai about actor jagadeesh