| Friday, 17th February 2023, 11:52 pm

ഇന്ദ്രന്‍സേട്ടന്റെ കാര്യത്തില്‍ ഡബ്യൂ.സി.സി ക്കോ, താരങ്ങള്‍ക്കോ പ്രശ്‌നം കാണില്ല, പ്രശ്‌നം മുഴുവന്‍ നാട്ടുകാര്‍ക്കാണ്: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാരെന്ന വിഷയത്തില്‍ മഞ്ജു പിള്ള നടത്തിയ പരാമര്‍ശം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഒരേ ഒരു ലേഡീ സൂപ്പര്‍സ്റ്റാര്‍ ഉര്‍വശിയാണെന്ന് ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴിവെച്ചത്.

ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന് വന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് താരം.

ആരെയും കുറച്ച് കാണിക്കാനല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും, തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

‘ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത്. എനിക്ക് എന്റെ ഇഷ്ടം പറയാന്‍ പാടില്ലേ. എനിക്ക് എന്റേതായ ഇഷ്ടങ്ങളില്ലേ. എന്നെ ഇഷ്ടപെടാത്ത ഒരു പാടാളുകളുണ്ട്. ഞാനാരെയും കംപയര്‍ ചെയ്തല്ല സംസാരിച്ചത്. എന്റെ മനസില്‍ ഉര്‍ശവശി തന്നെയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്റെ ഇഷ്ടമതാണ്. അതാണ് പറഞ്ഞതും.

ഉര്‍വശിയെ ഞാന്‍ സൂപ്പര്‍ സ്റ്റാറെന്ന് പറഞ്ഞത് നായികാ സ്ഥാനത്ത് നിന്ന് കൊണ്ടാണ്. കാരണം അങ്ങനെ നോക്കിയാല്‍ ഷീലാമ്മയും,ശാരദാമ്മയും സൂപ്പര്‍ സ്റ്റാറുകളല്ലേ? എന്ന് വെച്ച് ഞാനിവരെയൊക്കെ തള്ളിപ്പറഞ്ഞെന്ന് പറയാനൊക്കുമോ? ഇവരും അക്കാലത്തെ ലേഡീ സൂപ്പര്‍സ്റ്റാറുകളാണ്. അവര് ചെയ്ത സിനിമകളും, ക്യാരക്ടറുകളും വേറെ ആരാണ് ചെയ്തിട്ടുള്ളത്.

എന്റെ മനസില്‍ എനിക്കിഷ്ടം അന്നും ഇന്നും ഉര്‍വശി തന്നെയാണ് ലേഡീ സൂപ്പര്‍ സ്റ്റാര്‍. അതെന്റെ വ്യക്തിപരമായ കാര്യമാണ്. അതാണ് പറഞ്ഞതും.

ഉര്‍വശിയേക്കാള്‍ എനിക്കിഷ്ടപ്പെട്ട നടിയാണ് കെ.പി.എ.സി ലളിത. പക്ഷെ അവര്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്തത്. രണ്ടിനെയും കംപാരിസണ്‍ ചെയ്യാന്‍ സാധിക്കില്ല. സത്യത്തില്‍ എനിക്കീ വിവാദങ്ങള്‍ക്കൊന്നും സമയമില്ല. പിന്നെയും ചോദിച്ചത് കൊണ്ട് മറുപടി പറഞ്ഞതാണ്.

എനിക്ക് ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ വേറെയുണ്ട്. ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞ കാര്യവും വിവാദമായല്ലോ. അതില്‍ ഡബ്യൂ.സി.സി ക്കോ താരങ്ങള്‍ക്കോ യാതൊരു പ്രശ്‌നവും കാണില്ല. ഞാനങ്ങനെ പറഞ്ഞത് കൊണ്ട് മഞ്ജുവിനോ, നയന്‍ താരക്കോ, ഉര്‍വശിക്കോ പ്രശ്‌നം ഉണ്ടാവാന്‍ പോണില്ല. പ്രശ്‌നം മുഴുവന്‍ നാട്ടുകാര്‍ക്കാണ്. അതെന്താണെന്ന് എനിക്ക് മനസിലാവുന്നില്ല,’ മഞ്ജു പറഞ്ഞു.

Content Highlight: Actress Manju pilla on her comment on  lady super star

We use cookies to give you the best possible experience. Learn more