അവളെ സഹായിക്കാന്‍ ഗൗതം വരുമായിരുന്നു; അവിടെ നിന്നാണ് ഇരുവരും അടുക്കുന്നത്: വി.പി. മോഹന്‍
Entertainment news
അവളെ സഹായിക്കാന്‍ ഗൗതം വരുമായിരുന്നു; അവിടെ നിന്നാണ് ഇരുവരും അടുക്കുന്നത്: വി.പി. മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 8:34 am

നിരവധി മലയാള സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് വി.പി. മോഹന്‍. ബാല താരമായി അഭിനയത്തിലെത്തുകയും പിന്നീട് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നടി മഞ്ജിമയുടെ അച്ഛനും കൂടിയാണ് മോഹന്‍.

നടന്‍ ഗൗതം കാര്‍ത്തിക്കുമായുള്ള മകളുടെ വിവാഹ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് അദ്ദേഹമിപ്പോള്‍. മധുരയില്‍ ഷൂട്ട് ചെയ്ത ദേവരാട്ടം എന്ന ചിത്രത്തില്‍ നായകനും നായികയുമായി ഇരുവരും അഭിനയിച്ചിരുന്നുവെന്നും അവിടെ നിന്നാണ് പ്രണയത്തിലായതെന്നും മോഹന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വടക്കന്‍ സെല്‍ഫി കഴിഞ്ഞ് അവളെ നേരെ ഗൗതം മേനോനാണ് വിളിച്ചത്. അതിലെ അഭിനയം കണ്ടിട്ടാണ് വിളിച്ചത്. ആ ഇന്റര്‍വ്യൂവിന് ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. അവള്‍ തമിഴ്‌നാട്ടില്‍ പഠിച്ചത് കൊണ്ട് തമിഴ് നന്നായി അറിയാമായിരുന്നു.

സാര്‍ എന്റെ അടുത്ത പടത്തിലെ നായിക നിങ്ങളുടെ മകളാണെന്ന് പറഞ്ഞു. തെലുങ്ക് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അത് സാരമില്ല ഞാന്‍ നോക്കിക്കോളാമെന്ന് അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ അവള്‍ അവിടെ അഭിനയിക്കാന്‍ തുടങ്ങി.

പിന്നെ തിരുവനന്തപുരത്തേക്ക് വന്നില്ല. സിനിമയും കാര്യങ്ങളുമായി ഞങ്ങളുടെ അടുത്ത് നിന്ന് പോയി. മധുരയില്‍ ഷൂട്ടിങ് ഉണ്ടായിരുന്ന ദേവരാട്ടം എന്ന സിനിമയില്‍ അവള്‍ അഭിനയിച്ചിരുന്നു.

അതിലെ ഹീറോയായിരുന്നു ഗൗതം കാര്‍ത്തിക്. നായികയും നായകനുമാണല്ലോ, അവിടെ നിന്നാണ് ഇവര്‍ അടുക്കുന്നത്. ഏതോ ലൊക്കേഷനില്‍ വെച്ച് ഒരു ആക്‌സിഡന്റില്‍ അവള്‍ പിന്നെ കുറച്ച് മാസം വാക്കറിലായി.

ഇവളെ ഹെല്‍പ്പ് ചെയ്യാനായി ഗൗതം അവിടെ വരുമായിരുന്നു. അവിടെ വെച്ച് അവനെ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല പയ്യനാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛാ ഞാന്‍ ഒരാളുമായിട്ട് ഇഷ്ടത്തിലാണെന്ന് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗൗതം ആണെന്ന് പറഞ്ഞു. കല്യാണം കഴിക്കണമെന്നും പറഞ്ഞു. ഞാന്‍ സമ്മതിച്ചു.

കാരണം ഇപ്പോഴത്തെ കുട്ടികളെ എതിര്‍ത്താലും അവര്‍ക്ക് വേണമെന്നാണെങ്കില്‍ അവര്‍ കഴിക്കും. അച്ഛനും അമ്മയും മിണ്ടാതിരിക്ക് ഞങ്ങള്‍ കല്യാണം കഴിക്കുമെന്ന് പറയും. ഇപ്പോള്‍ അവര്‍ ഒന്നിച്ചു. കല്യാണം എല്ലാം നന്നായി നടന്നു. രണ്ട് പേരും നന്നായാണ് ജീവിക്കുന്നത്,” വി.പി. മോഹന്‍ പറഞ്ഞു.

content highlight: Actress Manjima Mohan’s father is talking about her marriage