2017ല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുമ്പോള്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു നടി മംമ്ത മോഹന്‍ദാസ്. അന്നുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം. ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുരാന തന്റെ പേര് മാറി മംമ്ത മോഹന്‍ലാല്‍ എന്നാണ് വിളിച്ചതെന്ന് നടി പറഞ്ഞു.
സി.സി.എല്‍ അനുഭവങ്ങള്‍ വളരെ രസകരമായിരുന്നു എന്നും ബ്രാന്‍ഡ് അംബാസിഡറായതിന്റെ തലവേദനകളൊന്നും തനിക്കില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. അത്തരത്തില്‍ അദ്ദേഹം പേര് മാറ്റി വിളിച്ചതാണ് തന്റെ ഏറ്റവും അവസാനത്തെ സി.സി.എല്‍ ഓര്‍മയെന്നും മംമ്ത കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കുമ്പോള്‍ തലവേദനയൊന്നും എനിക്കുണ്ടായിരുന്നില്ല. ഹൈദരാബാദിലായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നത്. അവിടെ എല്ലാവരും ഒരുമിച്ച് കൂടിയതും ടീമിനെ പ്രൊമോട്ട് ചെയ്യാന്‍ എടുത്ത വര്‍ക്കുകളുമൊക്കെ ഭയങ്കര രസകരമായിരുന്നു.
അവിടെ നടന്നതില്‍ ഏറ്റവും രസകരമായ സംഭവം അതൊന്നും ആയിരുന്നില്ല. മത്സരം നടക്കുന്നതിനിടയില്‍ ആയുഷ്മാന്‍ ഖുരാന എന്നെ മംമ്ത മോഹന്‍ലാല്‍ എന്ന് വിളിച്ചു. അത് ഭയങ്കരമായി വൈറലാവുകയും ചെയ്തിരുന്നു. അതായിരുന്നു ശരിക്കും അന്നത്തെ ഹൈലൈറ്റ്. അത് തന്നെയാണ് എന്റെ അവസാനത്തെ സി.സി.എല്‍ അസോസിയേഷന്‍ ഓര്‍മ,’ മംമ്ത മോഹന്‍ദാസ് പറഞ്ഞു.
സേതുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 10ന് തിയേറ്ററിലെത്തുന്ന മഹേഷും മാരുതിയുമാണ് മംമ്ത മോഹന്‍ദാസിന്റെ ഏറ്റവും പുതിയ ചിത്രം. ആസിഫ് അലിയാണ് സിനിമയില്‍ നായകനായെത്തുന്നത്. 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വി.എസ്.എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അദ്ദേഹവും അഭിനയിക്കുന്നുണ്ട്.
content highlight: actress mamtha share her ccl memories