| Thursday, 18th May 2023, 3:34 pm

സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്; എല്ലാ സ്ത്രീകളും ഇരകളാണെന്ന് പറയാന്‍ കഴിയില്ല: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ വി.കെ. പ്രകാശും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ലൈവ്. സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. സമകാലിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

എല്ലാ സ്ത്രീകളും ഇരകളാണെന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ സ്ത്രീകള്‍ ഒരുപാട് ഇരയാക്കപ്പെടുന്നുണ്ടെന്നും പറയുകയാണ് മംമ്ത. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ശരിയല്ലെന്നും മംമ്ത അഭിപ്രായപ്പെട്ടു. എഫ്.ടി.ക്യൂ. വിത്ത് രേഖ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ എല്ലാ സ്ത്രീകളും ഇരകളാണെന്ന് പറയാന്‍ കഴിയില്ല. അങ്ങനെ പറയുന്നത് തെറ്റാണ്. സ്ത്രീകള്‍ ഒരുപാട് ഇരകളാക്കപ്പെടുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല.

‘ലൈവില്‍’ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഫേ്ക്ക് ന്യൂസ്്, പിന്നെ സ്റ്റോക്കിംഗ് എങ്ങനെയൊക്കെ ഒരാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. ഞാന്‍ വിചാരിക്കുന്നത് ഒട്ടുമിക്ക സ്ത്രീകള്‍ക്കും സ്റ്റോക്കിംഗ് നേരിടേണ്ടിവന്നിട്ടുണ്ടാവുമെന്നാണ്.

കോണ്‍ഫിഡന്‍സ് കുറഞ്ഞ സ്ത്രീകള്‍ വളരെ പാടുപെട്ട് കോണ്‍ഫിഡന്‍സ് പ്രൊജക്ട് ചെയ്യാന്‍ ശ്രമിക്കുന്നു. കാരണം അങ്ങനെ ചെയ്യുന്നത് കൊണ്ട് അവരുടെ പ്രൊഫഷണല്‍ ലൈഫിന് ഉപകാരപ്പെട്ടേക്കും. വര്‍ക്ക് എന്‍ജോയ് ചെയ്ത് ചെയ്യുമ്പോള്‍ സ്വാഭാവികമായും കോണ്‍ഫിഡസ്് പ്രകടമാകും’.

സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കപ്പെടുകയോ സ്റ്റോക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നുണ്ടെന്നും താന്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ റിയാക്ട് ചെയ്യാന്‍ പോവാറില്ലെന്നും നടി പറഞ്ഞു.

‘വീടുകളില്‍ നിന്ന് പുറത്ത് വന്ന് സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ സ്റ്റോക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നു. റിയാക്ട് ചെയ്യാത്ത കുറേ പേര്‍ ഉണ്ട്. ഞാന്‍ അധികം റിയാക്ട് ചെയ്യാത്ത ഒരാളാണ്. വളരെ വൈകി റിയാക്ട് ചെയ്യുമ്പോള്‍ അതിന്റെ ചൂടൊക്കെ തണുത്തുപോയിട്ടുണ്ടാവും.’ നടി പറഞ്ഞു.

Content Highlight: Actress Mamtha Mohandas about Women Abuse

We use cookies to give you the best possible experience. Learn more