| Tuesday, 21st February 2023, 10:16 pm

രജനികാന്ത് ചിത്രത്തില്‍ ഞാനുണ്ടെങ്കില്‍ അഭിനയിക്കാന്‍ വരില്ലെന്ന് ആ നായിക, എന്നെ വെച്ച് ഷൂട്ട് ചെയ്ത ഗാനരംഗം ഇറങ്ങിയപ്പോള്‍ അതില്‍ ഞാനില്ല: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജനികാന്തിന്റെ ചിത്രത്തില്‍ അഭിനയിച്ച തന്റെ സീനുകള്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ കാണാനില്ലായിരുന്നുവെന്ന് നടി മംമ്ത മോഹന്‍ദാസ്. 2007ല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ മലയാള സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് പോയിട്ടും അതിലെ ഗാനരംഗം പുറത്തു വന്നപ്പോഴാണ് തന്റെ സീനുകള്‍ ഒഴിവാക്കിയ വിവരം അറിഞ്ഞതെന്നും മംമ്ത പറഞ്ഞു.

ആ സിനിമയിലെ ലീഡ് റോളില്‍ എത്തിയ നായികയുടെ ആവശ്യപ്രകാരമാണ് തന്റെ സീനുകള്‍ ഒഴിവാക്കിയതെന്ന് പിന്നീട് അറിഞ്ഞുവെന്നും ആദ്യമേ ക്യാമറ പ്ലേസ് ചെയ്തപ്പോള്‍ തനിക്ക് ആ കാര്യം തോന്നിയിരുന്നുവെന്നും മംമ്ത പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘2007 ലാണെന്ന് തോന്നുന്നു. ആ സമയത്ത് എനിക്ക് വേറെ സിനിമയുടെ ഷൂട്ടുണ്ടായിരുന്നു. രജിനി സാറിന്റെ കൂടെ ഒരു ഗാനരംഗത്തിനായിരുന്നു എന്നെ വിളിച്ചത്. സീനിലെ സിറ്റുവേഷന്‍ പ്രകാരം സിനിമക്കുള്ളില്‍ ഒരു സിനിമ നടക്കുകയാണ്. സംവിധായികയായ ഞാന്‍ സിനിമയിലെ പാട്ടില്‍ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാന്‍സ് ചെയ്യുന്നതാണ് രംഗം. മലയാളം സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് പോയത്. ഞാന്‍ സ്ഥലത്തെത്തി. ഒരുപാട് സമയം കാത്തിരുന്നു.

കാത്തിരുന്ന് പകുതി ദിവസം തീര്‍ന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ഷൂട്ട് ചെയ്തു. ഗാനരംഗം വന്നപ്പോള്‍ ഞാനില്ല. ആ രംഗം ഉള്‍പ്പെടുത്തിയില്ല. പിന്നീട് ഞാന്‍ കേട്ടത് ആ സിനിമയിലെ ലീഡ് ഹീറോയിന്‍ മറ്റൊരു നടിയെ വെച്ച് ഗാനരംഗം ചെയ്യുന്നതിനാല്‍ അവര്‍ വരില്ലെന്ന് പറഞ്ഞെന്നാണ്. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിങ് വൈകിയെന്ന കാര്യം എനിക്കറിയാമായിരുന്നു.

എനിക്ക് മറ്റൊരാള്‍ ഭീഷണിയായി തോന്നിയിരുന്നില്ല. രജനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാന്‍ പോയത്. ക്യാമറ പ്ലേസ് ചെയ്തപ്പോള്‍ തന്നെ ഫ്രെയ്മില്‍ ഞാനില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ നാല് ദിവസത്തോളം വെറുതെ പോയി. സിനിമ പുറത്തിറങ്ങിയപ്പോള്‍ എന്റെ പിറകില്‍ നിന്നുള്ള ഒരു ഷോട്ടുണ്ട്. എന്റെ തൊപ്പിയുടെ അറ്റം മാത്രമേ അതില്‍ കാണുന്നുള്ളൂ.

അന്നത്തെ സമയം വ്യത്യസ്തമായിരുന്നു. ഇന്നത്തെ ഹീറോയിനാണെങ്കില്‍ അതിനെതിരെ ശബ്ദിച്ചേനെ. പക്ഷെ അന്ന് ഞാനത് ചെയ്തില്ല. നിശബ്ദയായി. ഷൂട്ടിങ് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം എനിക്ക് രജനി സാറുടെ ഓഫീസില്‍ നിന്നും കോള്‍ വന്നു. രജനി സാര്‍ സംസാരിച്ചു. സിനിമയുടെ ഭാഗമായതില്‍ നന്ദിയെന്ന് പറഞ്ഞു. ആ ടീം നല്ലതായിരുന്നു. പക്ഷെ എന്താണ് പ്രശ്‌നമെന്ന് അവര്‍ക്ക് എന്നോട് പറയാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ അവര്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ നോക്കിയതായിരിക്കും,” മംമ്ത പറഞ്ഞു.

content highlight: actress mamtha mohandas about rajanikanth movie

We use cookies to give you the best possible experience. Learn more