| Thursday, 1st June 2023, 5:12 pm

ക്യാന്‍സര്‍ വന്നപ്പോഴാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നതിന്റെ വാല്യു മനസിലാക്കിയത്: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയോടുള്ള തന്റെ സ്‌നേഹവും അതിന്റെ വാല്യുവും എത്രത്തോളമുണ്ടെന്ന് മനസിലായത് എനിക്ക് ലിംഫോമ (ക്യാന്‍സര്‍) വന്നപ്പോള്‍ മുതലാണെന്ന് മംമ്ത മോഹന്‍ദാസ്. 2009-ലാണ് ലിംഫോമ പിടിപെട്ടതെന്നും അതിനുശേഷം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചെന്നും പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.

‘ഞാന്‍ ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തിയോടുള്ള എന്റെ സ്‌നേഹവും അതിന്റെ വാല്യുവും എത്രത്തോളമുണ്ടെന്ന് മനസിലായത് എനിക്ക് ലിംഫോമ വന്നപ്പോള്‍ മുതലാണ്.

2008 വരെ ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലായിരുന്നു.

2009-ലാണ് ലിംഫോമ പിടിപെട്ടത്. അതിനു ശേഷം ഓരോ ദിവസത്തിന്റെയും വാല്യുവിനെക്കുറിച്ച് തിരിച്ചറിയാന്‍പറ്റി. മറ്റുള്ളവര്‍ നോര്‍മല്‍ ആയ ജീവിതം നയിക്കുന്നുവെന്നും ഞാന്‍ വളരെ പ്രയാസകരമായ ജീവിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും എനിക്ക് മനസിലായി, ‘ മംമ്ത പറഞ്ഞു.

താന്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ട് ഇത് പതിനേഴാമത്തെ വര്‍ഷമാണെന്നും സിനിമ തന്റെ ഡ്രീം ആയിരുന്നില്ലെന്നും നടി പറഞ്ഞു. സിനിമയെ പ്രൊഫഷണലായി സമീപിക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ച് തനിക്ക് വലിയ ധാരണകളൊന്നുമില്ലായിരുന്നെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ട് ഇത് പതിനേഴാമത്തെ വര്‍ഷമാണ്. സിനിമ എന്റെ ഡ്രീം ആയിരുന്നില്ല. സിനിമയിലേക്ക് യാദൃശ്ചികമായാണെത്തിയത്. ഞാനെന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി വ്യക്തമായൊരു ധാരണയൊന്നും എനിക്കില്ലായിരുന്നു.

കുട്ടികള്‍ ദിവസവും സ്‌കൂളില്‍ പോവുന്ന പോലെയായിരുന്നു ഞാന്‍ സെറ്റില്‍ പോയിരുന്നത്. ഒരു സിനിമ ചെയ്യുന്നു, അടുത്ത സിനിമ ചെയ്യുന്നു. എന്നല്ലാതെ പ്രത്യേകിച്ചൊരു പ്ലാനൊന്നുമില്ലായിരുന്നു. ഞാനൊരു സിനിമയില്‍ മോശമായാണ് അഭിനയിച്ചതെന്ന് കേള്‍ക്കാന്‍ എനിക്കിഷ്ടമല്ലായിരുന്നു.

അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യുന്ന വര്‍ക്കില്‍ മാക്‌സിമം ഡെഡിക്കേറ്റഡ് ആയിതന്നെയാണ് നില്‍ക്കാറ്.

പക്ഷേ അഭിനയം ഒരു കരിയറായി മാറ്റേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. പ്രൊഫഷണലായി എങ്ങനെയാണ് അതിനെ സമീപിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു, ‘ മംമ്ത പറഞ്ഞു.


Content Highlights: Actress Mamtha Mohandas about her Cancer days

We use cookies to give you the best possible experience. Learn more