സ്ത്രീകേന്ദ്രീകൃത സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ഉണ്ടോയെന്നത് ഉറപ്പ് വരുത്തുമെന്നും സിനിമയിലെ മിക്ക രംഗങ്ങളിലും താന്‍ ഉണ്ടോയെന്നത് ശ്രദ്ധിക്കാറുണ്ടെന്നും നടി മംമ്ത മോഹന്‍ദാസ്. നായകന്മാര്‍ക്ക് ചെയ്യാമെങ്കില്‍ നടിമാര്‍ക്കും അങ്ങനെ ചെയ്യാവുന്നതാണെന്നും നടി പറഞ്ഞു. എഫ്.ടി.ക്യൂ. വിത്ത് രേഖ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘സ്ത്രീകേന്ദ്രീകൃത സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറ് കഥാപാത്രത്തിന് വേണ്ട പ്രാധാന്യമുണ്ടോയെന്നാണ്. വളരെ സിമ്പിളായിട്ട് പറയുകയാണെങ്കില്‍ സിനിമയിലെ മിക്ക സീനിലും ഞാന്‍ ഉണ്ടോയെന്ന് നോക്കാറുണ്ട്. ഏതോ സിനിമയില്‍ പറഞ്ഞപോലെ ‘എന്റെ തല എന്റെ ഫുള്‍ഫിഗര്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കാറുണ്ട്.(ചിരി). നായകന്മാര്‍ക്ക് അത് ആവശ്യപ്പെടാമെങ്കില്‍ നമുക്കെന്തുകൊണ്ടായിക്കൂടാ ! നമുക്ക് ഡോമിനന്‍സ് ഉള്ള ഒരു സ്പേസില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല’. മംമ്ത മോഹന്‍ദാസ് പറഞ്ഞു.
‘വി.കെ.പി സാറുമായി ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലും മുന്‍പേ പരിചയമുണ്ട്. മയൂഖം സിനിമ കഴിഞ്ഞയുടനെ ഒരു ആഡ് ഫിലിമിന്റെ ഓഡിഷനുണ്ടായിരുന്നു.അന്ന് ആഡ് ഫിലിമിന് എന്നെ ഓഡിഷന്‍ ചെയ്തിട്ട് വേണ്ട എന്നു പറഞ്ഞയാളാണ്. പക്ഷേ ഒരുപാട് കാത്തിരിക്കേണ്ടിവന്നു അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍’.
ഒരു വ്യക്തി എന്ന നിലക്ക് ഞാന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം വളരെ എക്സൈറ്റ്മെന്റും എനര്‍ജിയുമുള്ളയാളാണ്. അദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് മീറ്റ് ചെയ്താലും ആ ഒരു എനര്‍ജി എനിക്ക് എപ്പോഴും ഫീല്‍ ചെയ്തിരുന്നു. എപ്പോഴും എനിക്ക് ആ എനര്‍ജി വളരെ പോസിറ്റീവ് ആയി തോന്നിയിരുന്നു. ‘ലൈവി’നെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡ് ആയിരുന്നു’, മംമ്ത പറഞ്ഞു.
സമകാലിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. എല്ലാ സ്ത്രീകളും ഇരകളാണെന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ സ്ത്രീകള്‍ ഒരുപാട് ഇരയാക്കപ്പെടുന്നുണ്ടെന്നും അഭിമുഖത്തില്‍ മംമ്ത പറഞ്ഞിരുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ശരിയല്ലെന്നും മംമ്ത അഭിപ്രായപ്പെട്ടു.
‘എല്ലാ സ്ത്രീകളും ഇരകളാണെന്ന് പറയാന്‍ കഴിയില്ല. അങ്ങനെ പറയുന്നത് തെറ്റാണ്. സ്ത്രീകള്‍ ഒരുപാട് ഇരകളാക്കപ്പെടുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല.
‘ലൈവില്‍’ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഫേക്ക് ന്യൂസ്്, പിന്നെ സ്റ്റോക്കിംഗ് എങ്ങനെയൊക്കെ ഒരാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. ഞാന്‍ വിചാരിക്കുന്നത് ഒട്ടുമിക്ക സ്ത്രീകള്‍ക്കും സ്റ്റോക്കിംഗ് നേരിടേണ്ടിവന്നിട്ടുണ്ടാവുമെന്നാണ്, താരം പറഞ്ഞു.
മംമ്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ലൈവ്. ‘ഒരുത്തി’ക്ക് ശേഷം വി. കെ . പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയുമാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
Content Highlight: Actress mamtha Mohandas about Female lead Roles on Cinema