| Thursday, 13th April 2023, 1:01 pm

ഡയലോഗുകളും സ്ലോമോഷനും കൊടുത്ത് നടന്മാരെ ഉണ്ടാക്കുന്നു, നടിമാരെ ശരിക്ക് ഉപയോഗിക്കുന്നില്ല: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിമാര്‍ക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്‍ഡസ്ട്രിയില്‍ കിട്ടുന്നില്ലെന്ന് നടി മംമ്ത മോഹന്‍ദാസ്. നടിമാരുടെ മുഖത്തേക്ക് ക്യാമറ പിടിക്കുന്നത് കുറവാണെന്നും നടന്മാരുടെ ഷോട്ട് എടുക്കാനാണ് എല്ലാവര്‍ക്കും താത്പര്യമെന്നും മംമ്ത പറഞ്ഞു. താന്‍ ആ കാര്യം നേരില്‍ അനുഭവിച്ചിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.

ഡയലോഗുകളും സ്ലോമോഷനും കൊടുത്ത് നടന്മാരെ ഉണ്ടാക്കുകയാണെന്നും അതുപോലെ നടിമാരെ ശരിക്ക് ഉപയോഗിക്കുന്നില്ലെന്നും താരം പറഞ്ഞു. റെഡ്. എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ കരിയറില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള റോള്‍ കിട്ടി തുടങ്ങിയത് കഥ തുടരുന്നു എന്ന സിനിമയിലാണ്. പിന്നെ ഉള്ളത് അരികെ സിനിമയിലെ അനുരാധയാണ്. ഈ സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ പ്രകടനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും എനിക്ക് എങ്ങനെ മെച്ചപ്പെടുത്താന്‍ പറ്റുമെന്നതൊക്കെ മനസിലായത് അപ്പോഴാണ്.

നമ്മുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സ്പേസ് തരണം. ഞാന്‍ എന്റെ റിയാക്ഷന്‍ തീര്‍ക്കുമ്പോഴേക്കും അവര്‍ കട്ട് ചെയ്ത് പൃഥ്വിരാജിന്റെ ഷോട്ടെടുക്കും. ഫീമെയില്‍ ആക്ടേര്‍സിന് അഭിനയിക്കാനും അവരുടെ കഴിവ് പുറത്തെടുക്കാനുമുള്ള അവസരം ഇവിടെ കിട്ടുന്നില്ല. ഞാന്‍ ആ കാര്യം അനുഭവിച്ചിട്ടുണ്ട്.

രണ്ട്, മൂന്ന് മിനിറ്റിലേക്കുള്ള റിയാക്ഷന്‍ ഞാന്‍ ഇടുമ്പോള്‍ പെട്ടെന്ന് അവര്‍ കട്ട് ചെയ്യും. വെറുതെ ഹീറോയുടെ മുഖത്തേക്ക് ഇങ്ങനെ ക്യാമറ പിടിക്കും. ഹീറോയിന്‍സിനെയും നമ്മള്‍ ഉണ്ടാക്കേണ്ടതുണ്ട്.

നടന്മാരെ ഉണ്ടാക്കുകയാണ്. അവര്‍ക്ക് ഡയലോഗ് കൊടുക്കുന്നു, സ്ലോമോഷന്‍ കൊടുക്കുന്നു, ലോ എന്റ് ഷോട്ടു കൊടുക്കുന്നു. അതിലൂടെ ഹീറോസിനെ ഉണ്ടാക്കുകയാണ്.അതേ പോലെ ഹീറോയിന്‍സിനെയും ക്രിയേറ്റ് ചെയ്യാം,” മംമ്ത പറഞ്ഞു.

content highlight: actress mamtha mohandas about dilm industry

We use cookies to give you the best possible experience. Learn more