Entertainment news
ആസിഫിന് ഇപ്പോള്‍ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു, പുള്ളിയത് തീര്‍ത്ത് പറഞ്ഞിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 09, 03:36 am
Thursday, 9th March 2023, 9:06 am

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മംമ്ത മോഹന്‍ദാസിനോട് പ്രണയം തോന്നിയിരുന്നു എന്ന് നടന്‍ ആസിഫ് അലി മുമ്പ് പറഞ്ഞിരുന്നു. ആ സിനിമ പുറത്തിറങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

മംമ്തയോട് നനിക്ക് അന്നുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇഷ്ടമായിരുന്നു’ എന്ന് ചിരിച്ച് കൊണ്ടാണ് ആസിഫ് മറുപടി പറഞ്ഞത്. അതിനെ തുടര്‍ന്ന് ആ കാര്യത്തെ കുറിച്ച് മംമതയും ചിരിച്ച് കൊണ്ട് മറുപടി നല്‍കുന്നുണ്ട്.

ആസിഫിന് തന്നോടുണ്ടായിരുന്ന പ്രണയമൊക്കെ ഇല്ലാതായെന്ന് തീര്‍ത്ത് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് മംമ്ത. കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആസിഫിന്റെ ഉള്ളിലെ നടന്‍ പുറത്ത് വന്നിട്ടില്ലായിരുന്നുവെന്നും അമച്വര്‍ അഭിനയമാണ് കാഴ്ചവെച്ചതെന്നും മംമ്ത പറഞ്ഞു. അന്നൊക്കെ ആസിഫിനെ സഹായിച്ചത് അദ്ദേഹത്തിന്റെ കണ്ണുകളാണെന്നും കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് പറഞ്ഞു.

‘ഇപ്പോള്‍ ആസിഫിന് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. പുള്ളിയത് തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. ഇഷ്ടമായിരുന്നു എന്നാണ്, അതായതിപ്പോഴില്ല. കഥ പറയുമ്പോള്‍ സിനിമയില്‍ ആസിഫിന്റെ കഥാപാത്രം കുറച്ച് സമയമാണ് സ്‌ക്രീനിലുള്ളത്‌. അവര്‍ക്കിടയില്‍ നല്ല ഒരുപാട് രംഗങ്ങളുണ്ട്. ടേബിളിന് ചുറ്റും ഓടുന്നതും കിച്ചണിലെ സീനുകളുമൊക്കെ അങ്ങനെയാണ്.

ആ സമയത്തൊന്നും ആസിഫിന്റെ ഉള്ളിലെ അഭിനേതാവ് പുറത്ത് വന്നിട്ടില്ലായിരുന്നു. പക്ഷെ ആസിഫിന് അഭിനയിക്കാനറിയാം. എന്നാല്‍ ശരീര ഭാഷയിലൊന്നും അത് പ്രകടമായിരുന്നില്ല. പക്ഷെ അമച്വര്‍ അഭിനയത്തിനും ഒരു ഭംഗിയുണ്ടായിരുന്നു. അതിന് ആസിഫിനെ ഏറ്റവും കൂടുതല്‍ ഹെല്‍പ് ചെയ്യുന്നത് അദ്ദേഹത്തിന്റെ കണ്ണുകളാണ്.

ആസിഫിന്റെ ക്യൂട്ട്‌നെസും നെര്‍വെസുമൊക്കെ എനിക്ക് ഏറ്റവും കൂടുതല്‍ ഫീല്‍ ചെയ്തത് പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്താണ്. കെട്ട്യോളാണ്‌ എന്റെ മാലാഖ എന്ന സിനിമ കണ്ടപ്പോഴാണ് ആസിഫിലെ നടന്‍ എത്രയോ വളര്‍ന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ഞങ്ങള്‍ ഒരുമിച്ച് മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അത് നടന്നില്ല. അങ്ങനെയായിരുന്നു എങ്കില്‍ ഈ പതിമൂന്ന്  വര്‍ഷത്തിന്റെ ഇടവേള വരില്ലായിരുന്നു,’ മംമ്ത മോഹന്‍ദാസ് പറഞ്ഞു.

സേതുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 10ന് റിലീസിനൊരുങ്ങുന്ന മഹേഷും മാരുതിയുമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.

content highlight: actress mamtha mohandas about asif ali’s acting in kadha thudarunnu movie