കാന്‍സര്‍ ട്രീറ്റ്‌മെന്റിന് ശേഷം നോര്‍മല്‍ ലൈഫിലേക്ക് എത്തിയപ്പോള്‍ ആളുകളുകളുടെ പെരുമാറ്റം തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. നോര്‍മല്‍ ലൈഫിലേക്ക് തിരിച്ച് വന്നപ്പോഴാണ് കാന്‍സര്‍ ബാധിച്ചിരുന്നതിനെക്കുറിച്ച് താന്‍ പറഞ്ഞതെന്നും മംമ്ത പറഞ്ഞു.
മുടി വെട്ടി ഷോട്ടാക്കിയ തന്നെ കാണുമ്പോള്‍ മുടി വെട്ടിയതിനെക്കുറിച്ച് തന്നെയാണ് പലരും ചോദിച്ചതെന്നും കാണാന്‍ ആണ്‍കുട്ടിയെ പോലെയുണ്ടെന്നും വളരെ മോശമായിട്ടുണ്ടെന്നൊക്കെയാണ് അന്ന് ആളുകള്‍ പറഞ്ഞതെന്നും താരം പറഞ്ഞു.
ആളുകള്‍ മുടി വെട്ടിയതിന്റെ പേരില്‍ തന്നെ വെറുക്കുകയും എല്ലാവരും ചേര്‍ന്ന് വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്ന പോലെയാണ് അനുഭവപ്പെട്ടതെന്നും മംമ്ത പറഞ്ഞു. താന്‍ വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് ആരും ചിന്തിച്ചില്ലെന്നും താരം പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കാന്‍സറിന്റെ ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞ് ഒന്നരവര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഇതിനെക്കുറിച്ച് ആളുകളോട് പറയുന്നത്. കാരണം ആ സമയത്ത് എനിക്ക് ആരോടും പറയാന്‍ പറ്റില്ലായിരുന്നു. നോര്‍മല്‍ ലൈഫിലേക്ക് എത്തിയപ്പോഴാണ് പറഞ്ഞ് തുടങ്ങിയത്. എല്ലാം ഉള്ളില്‍ വെച്ച് സ്‌ട്രോങ്ങായിട്ടിരിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
എല്ലാം കഴിഞ്ഞതിന് ശേഷം ആളുകളോട് വേണമെങ്കില്‍ പറയാമെന്ന മൈന്‍ഡായിരുന്നു. ചികില്‍സ കഴിഞ്ഞ് സിനിമയിലേക്ക് വീണ്ടും ഞാന്‍ തിരിച്ചു വന്നിരുന്നു. ആ സമയത്ത് ഒരുപാട് ആളുകള്‍ എന്നോട് ചോദിച്ചത്, മംമ്ത എന്തിനാണ് മുടി വെട്ടി ഷോട്ടാക്കിയത് എന്നാണ്.
ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ആക്ടിവല്ലായിരുന്നു. 2010ലാണ് ഞാന്‍ ആദ്യമായിട്ട് ട്വിറ്ററില്‍ ജോയിന്‍ ചെയ്യുന്നത്. കാന്‍സര്‍ ആരംഭിച്ചത് 2009ലുമാണ്. പെട്ടെന്നാണ് എനിക്ക് ബോയ്കട്ട് അടിക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ എന്നെ വെറുക്കാന്‍ തുടങ്ങി.
നിന്നെ കാണാന്‍ വളരെ മോശമായിരിക്കുന്നുണ്ടെന്നും ആണ്‍കുട്ടികളെ പോലെയുണ്ടെന്നും ഒരുപാട് പേര് പറഞ്ഞു. എനിക്ക് വെറും 23,24 വയസ് മാത്രമെ അന്നുണ്ടായിരുന്നുള്ളു. ആളുകള്‍ എല്ലാവരും ചേര്‍ന്ന് എന്നെ ആക്രമിക്കുന്ന പോലെയാണ് തോന്നിയത്.
ഞാന്‍ വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് ആരും ചിന്തിച്ചില്ല. മംമ്ത മുഖത്തും കഴുത്തിലുമെല്ലാം എന്ത് പറ്റി, നിനക്ക് വല്ല ആക്‌സിഡന്റ് പറ്റിയോയെന്ന് പലരും ചോദിച്ചു. എനിക്ക് അറിയില്ല അവരൊക്കെ എന്താണ് അങ്ങനെ പറഞ്ഞതെന്ന്,” മംമ്ത പറഞ്ഞു.
content highlight: Actress Mamta Mohandas says that when she got back to normal life after cancer treatment, people’s behavior hurt her a lot