തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മമിത അവതരിപ്പിച്ച അല്‍ഫോന്‍സയുടേത്. ആദ്യത്തെ നായികാ വേഷമായിട്ടും വളരെ ലളിതമായ അഭിനയത്തിലൂടെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ മമിതയ്ക്കായി.
ഓഡിഷന്‍ വഴിയാണ് മിമിത ഓപ്പറേഷന്‍ ജാവയില്‍ എത്തിയത്. ഓഡിഷന് പോകുമ്പോള്‍ കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സെലക്ട് ചെയ്തപ്പോള്‍ സന്തോഷമായെന്നും മമിത പറയുന്നു.
ഇതുവരെയും നായകന്റെ പെങ്ങളും സ്‌കൂള്‍ വിദ്യാത്ഥിനിയുമായൊക്കെ കണ്ട പ്രേക്ഷകര്‍ക്ക് പെട്ടെന്ന് നായികയായി കാണുമ്പോള്‍ എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന ചെറിയൊരു ആശങ്ക ഉണ്ടായിരുന്നെന്നും കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മമിത പറയുന്നു.
‘പെന്തകോസ്താണ് അല്‍ഫോന്‍സ. മാലയും കമ്മലുമൊന്നും ഉപയോഗിക്കാത്ത, മേക്കപ്പ് ഇടാത്ത സാധാരണ പെണ്‍കുട്ടി. പുരികമൊന്നു ത്രെഡ് ചെയ്യരുതെന്ന് തരുണ്‍ ചേട്ടന്‍ പറഞ്ഞിരുന്നു. ഇതിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും ചെയ്തില്ലായിരുന്നു.
അതുപോലെ എന്റെ ഒപ്പമുള്ള ഒരുപാട് സുഹൃത്തുക്കളുടെ പ്രണയം ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി പക്വമാര്‍ന്ന പ്രണയവും ബ്രേക്കപ്പുമാണ് അല്‍ഫോന്‍സയുടേത് അതുകൊണ്ട് തന്നെ അതെല്ലാം അത്രയും ശ്രദ്ധിച്ചാണ് ചെയ്തത്.
സിനിമ ഒ .ടി .ടിയില്‍ എത്തിയതിന് ശേഷമാണ് അല്‍ഫോന്‍സ തേപ്പുകാരിയെന്ന തരത്തില്‍ ട്രോളുകളും കുറിപ്പുകളും ഉയര്‍ന്നു വന്നത്. ചിലതെല്ലാം വായിക്കുമ്പോള്‍ നമുക്ക് തന്നെ അത്ഭുതം തോന്നും. സത്യത്തില്‍ അല്‍ഫോന്‍സയെ നന്നായി അറിയുന്നത് എനിക്കും തരുണ്‍ ചേട്ടനും മാത്രമാണ്. അല്‍ഫോന്‍സയ്ക്ക് അവളുടേതായ കാഴ്ചപ്പാടുകളും ചിന്തകളുമുണ്ട്.
വീട്ടുകാരെ സഹായിക്കുന്ന പക്വതയാര്‍ന്ന പെണ്‍കുട്ടിയാണ് അല്‍ഫോന്‍സ. പ്ലസ് ടു മുതല്‍ ആന്റണിയുമായി പ്രണയത്തിലാണ്. തേക്കാനാണെങ്കില്‍ അവള്‍ക്ക് അപ്പോഴേ ചെയ്യാമായിരുന്നു. അല്‍ഫോന്‍സയുടെ സാഹചര്യമാണ് അവളെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത്. അല്‍ഫോന്‍സയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അതുകൊണ്ട് അല്‍ഫോന്‍സയെ എല്ലാവരും ഏറ്റെടുത്തെന്ന് മനസിലായി.
സിനിമയില്‍ ആന്റണിക്ക് അടി നല്‍കുന്ന രംഗം ചിത്രീകരിച്ചതിനെ കുറിച്ചും മമിത മനസുതുറന്നു. ‘അത്രയും വിഷമവും വിഷാദവും ടെന്‍ഷനുമൊക്കെയുള്ള അല്‍ഫോന്‍സയെ മനസിലാക്കാതെ ആന്റണി സംസാരിച്ചപ്പോള്‍ ദേഷ്യം കൊണ്ട് അടിച്ചു പോകുന്നതാണ് സീന്‍. ആ സീന്‍ ഒന്നുകൂടെ റിയലിസ്റ്റിക്കാകാന്‍ തരുണ്‍ ചേട്ടന്‍ കൂടുതല്‍ ഓരോന്ന് പറഞ്ഞ് എന്നെ പ്രൊവോക്ക് ചെയ്യുകയായിരുന്നു. ആ സമയത്തെല്ലാം അല്‍ഫോന്‍സയുടെ മനസുമായാണ് ഞാന്‍ നിന്നിരുന്നത്. തരുണ്‍ ചേട്ടന്‍ പറയുന്നതിനനുസരിച്ച് അത്രയും ദേഷ്യം വന്ന് ആന്റണിയുടെ കരണത്തടിക്കുകയായിരുന്നു, മമിത പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Mamitha Baiju About Operation Java Movie