|

എന്ത് ഊളപ്പടമാടോ, എന്റെ പൊന്നോ, മണി വേസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, കാണരുത് ട്ടോ; ഇങ്ങനെയല്ല റിവ്യൂ പറയേണ്ടത്: മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ റിവ്യൂ നോക്കി പടത്തിന് പോകുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് നടി മമിതാ ബൈജു. സിനിമ റിവ്യൂ ചെയ്യുന്നതിന് രണ്ട് രീതികളുണ്ടെന്നും ഒരു സിനിമയെ പാടെ തള്ളിക്കളയുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും താരം പറഞ്ഞു. റെഡ്.എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എല്ലാവരുടെ പടങ്ങള്‍ക്കും കമന്റ്‌സ് വരാറുണ്ട്. എനിക്ക് ഈ റിവ്യൂസ് നോക്കി പടം സെലക്ട് ചെയ്യുന്നതില്‍ താല്പര്യമില്ല. എന്റെ കൂടെയുള്ള ആള്‍ക്കാരൊക്കെ തന്നെയാണെങ്കിലും, ഇപ്പൊള്‍ രണ്ടു പടം ഇറങ്ങിക്കഴിഞ്ഞാല്‍ ‘ എടാ റിവ്യൂ നോക്ക്, എന്നിട്ട് തീരുമാനിക്കാം ഏത് പടത്തിനു പോകണമെന്ന്’ എന്നു പറയും ആ ഒരു രീതിയുണ്ടല്ലോ അതിലെനിക്ക് താല്പര്യമില്ല.

സിനിമയെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നവരുണ്ട് അത് കേള്‍ക്കുമ്പോള്‍ നമുക്ക് അറിയാം ‘ഇന്ന സ്ഥലത്തു എനിക്ക് കുറച്ചു ലാഗ് ഫീല്‍ ചെയ്തു, അല്ലെങ്കില്‍ ഇത് കുറച്ചു ബെറ്റര്‍ ആക്കാമായിരുന്നു, ഈ ക്യാരക്ടറിന് കുറച്ചുകൂടെ ഷെയ്ഡ് വരുത്താമായിരുന്നു’ എന്ന് പറയുന്നത് അവരുടെ ഒപ്പീനിയനാണ്. അത് ഓക്കേ ആണ്. അതാണ് യഥാര്‍ത്ഥത്തില്‍ റിവ്യൂ.

അങ്ങനെ റിവ്യൂ പറയുന്നതില്‍ കുഴപ്പമില്ല. പക്ഷെ ചില റിവ്യൂസ് ഞാന്‍ കണ്ടിട്ടുണ്ട് വളരെ മോശമാണ്, മോശമെന്ന് പറഞ്ഞാല്‍ വ്യക്തിഹത്യയൊക്കെ ചെയ്യും. ഇപ്പൊള്‍ എന്റെ പേര് വിളിച്ചിട്ട് എന്നെ ബോഡി ഷെയ്മിങ് നടത്തും. എന്റെ പേര് വിളിച്ചു എന്നെ കളിയാക്കുന്ന തരത്തില്‍ പറയുന്നത് വളരെ മോശമാണ്.

അല്ലെങ്കില്‍ ‘അത് എന്ത് പടമാടോ, ഊള പടം എന്റെ പൊന്നോ മണി വേസ്റ്റ്, ഇതൊന്നും പോയി കാണരുത് ട്ടോ’, ഈ രീതിയില്‍ പറയാന്‍ പാടില്ല. അവര്‍ എന്ത് ധൈര്യത്തിലാണ് അത് പറയുന്നത്. ഒരു പടം അവര്‍ക്കു വര്‍ക്ക് ആയിട്ടില്ലങ്കില്‍ അത് പറയാം. അല്ലാതെ നിങ്ങള്‍ ഈ പടം കാണേണ്ട, ഊള പടം ആണെന്ന് പറയുന്നത് മാനിപ്പുലേഷനാണ്.

ഞാന്‍ ഇപ്പോാള്‍ ഒരാളോട് ആ പടം എനിക്ക് വര്‍ക്ക് ആയില്ല എന്ന് പറയുന്നത് പോലെയല്ല ഒരു പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് പബ്ളിക്കലി പറയുന്നത്, അത് വെച്ച് മാനിപ്പുലേറ്റഡ് ആവും. അത് ആള്‍ക്കാര്‍ ഉറപ്പിക്കും. കണ്‍ഫോമിറ്റി എന്നൊരു പരിപാടിയില്ലേ, അതിലൂടെ ആളുകള്‍ കണ്‍ഫേം ചെയ്യും.

അപ്പോള്‍ എന്താണ് സംഭവിക്കുക എന്നുവെച്ചാല്‍ ഭയങ്കര എഫേര്‍ട്ട് എടുത്ത് നമ്മള്‍ ചെയ്ത പടം ഒന്നും അല്ലാതായി മാറും. വെറുതെ ഒരാള്‍ ഒരു പടം കണ്ടിട്ട് ഇതുപോലൊരു കസേരയിട്ട് ഒരു മൈക്കിന്റെ മുമ്പിലിരുന്ന് ‘ ആ പടം പോരാ’ എന്നു പറയുമ്പോള്‍ അത്രയും ആള്‍ക്കാരുടെ എഫേര്‍ട്ടാണ് ഒന്നുമല്ലാതായിപ്പോകുന്നത്,’ മമിത പറഞ്ഞു.

Content Highlight: Actress mamitha Baiju about Movie Review