| Tuesday, 5th April 2022, 11:27 am

ഓപ്പറേഷന്‍ ജാവ കഴിഞ്ഞ് കോളേജിലെത്തിയപ്പോള്‍ റാഗിങ് കിട്ടി, ആ പെണ്ണ് നീയാണോ, മാസ്‌ക് മാറ്റെന്ന് പറഞ്ഞു, ഒടുവില്‍ ഇന്‍സ്റ്റ പ്രൊഫൈല്‍ കാണിച്ചു: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവ, ഖോ ഖോ, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ഒരിടം നേടിയെടുക്കാനും മമിതയ്ക്കായിട്ടുണ്ട്. സൂപ്പര്‍ ശരണ്യയിലെ സോനയും ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോണ്‍സയും മമിതയുടെ കരിയറില്‍ വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയില്‍ അഭിനയിച്ച ശേഷമാണ് മമിത തന്റെ കോളേജ് ജീവിതം ആരംഭിക്കുന്നത്. ആദ്യമായി കോളേജില്‍ എത്തിയപ്പോള്‍ ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോണ്‍സ താനാണെന്നൊന്നും പലര്‍ക്കും അറിയില്ലായിരുന്നെന്നും എല്ലാവരേയും പോലെ തന്നെ തനിക്കും ചെറിയ രീതിയിലുള്ള റാഗിങ് ഒക്കെ കിട്ടിയിരുന്നെന്നും മമിത പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.

എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റ് ഇയറാണ്. കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ അവര്‍ അവിടെ പിടിച്ചുനിര്‍ത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു.

ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയില്‍ ആണെന്ന് ചോദിച്ചു. ഓപ്പറേഷന്‍ ജാവയിലാണെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവര്‍. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടന്റെ പെയര്‍ ആയിട്ടുള്ള അല്‍ഫോണ്‍സ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു.

അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ എന്ന് പറഞ്ഞു. അവസാനം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു. ദേ ചേട്ടാ ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാന്‍ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി, മമിത ബൈജു പറഞ്ഞു.

സൂപ്പര്‍ശരണ്യയിലെ പോലെ തന്നെ ചെറിയൊരു സൗഹൃദവലയം ഉള്ള താനാണ് താനെന്നും ആ സൗഹൃദം എത്ര തിരക്കിലാണെങ്കിലും താന്‍ കാത്തുസൂക്ഷിക്കാറുണ്ടെന്നും മമിത പറഞ്ഞു. എനിക്ക് ഞാനായി അവരുടെ മുന്നില്‍ നില്‍ക്കാം. ചെറിയ ഗ്രൂപ്പാണ്. സൂപ്പര്‍ ശരണ്യയിലെ പോലെ ഗ്രൂപ്പിന് അങ്ങനെ പേരൊന്നും ഇല്ല.

അതുപോലെ പ്ലസ് ടു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. എവിടെ പോയാലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ത്രിമൂര്‍ത്തികള്‍ എന്നായിരുന്നു ഞങ്ങളെ ടീച്ചര്‍മാര്‍ വിളിച്ചിരുന്നത്.

സൂപ്പര്‍ശരണ്യയുടെ ഷൂട്ടിങ് സമയത്തെല്ലാം തങ്ങള്‍ എല്ലാവരും ഒരുമിച്ചായിരുന്നെന്നും ചിത്രത്തിലെ സോന എന്ന കഥാപാത്രവും തന്റെ സ്വഭാവവുമായി പ്രത്യേകിച്ച് സാമ്യമൊന്നും ഇല്ലെന്നും മമിത പറയുന്നു.

സോന ഒരു തരത്തില്‍ പറഞ്ഞാല്‍ ഒപ്പീനിയേറ്റഡ് ആണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല. അങ്ങനെ പൊട്ടിത്തെറിക്കാറൊന്നുമില്ല. പുതിതയായിട്ട് കാണുന്ന ആളുകളോട് ദേഷ്യപ്പെടാനൊന്നും എനിക്ക് പറ്റില്ല, മമിത പറഞ്ഞു.

Content Highlight: Actress Mamitha Baiju About Her College days and Ragging

We use cookies to give you the best possible experience. Learn more