|

ക്രോസ് ചെയ്തുകഴിഞ്ഞ് മമ്മൂക്കയും ലാലേട്ടനും തിരിഞ്ഞുനോക്കി, നീ എന്തിനാണ് കരയുന്നത് എന്ന് അമ്മ ചോദിച്ചു: മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് നടി മമിത ബൈജു. അര്‍ജുന്‍ അശോകന്റെ വിവാഹ റിസപ്ഷനില്‍ വെച്ച് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ടെന്നും മമ്മൂട്ടിയെ കണ്ട് കരഞ്ഞുപോയെന്നും മമിത പറഞ്ഞു. മമ്മൂട്ടിയെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മമിത പറഞ്ഞു.

‘നമുക്ക് ഇഷ്ടമുള്ളവരെ നേരിട്ട് കാണുമ്പോള്‍ ഉള്ളൊരു സന്തോഷമുണ്ടല്ലോ, എല്ലാ ആക്ടേഴ്‌സിനേയും കാണുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്. പക്ഷേ മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. മമ്മൂക്കക്ക് അത് അറിയില്ല.

അര്‍ജുന്‍ അശോകന്‍ ചേട്ടന്റെ റിസപ്ഷനില്‍ വെച്ചാണ് മമ്മൂക്കയെ കാണുന്നത്. ഞാനും മമ്മയും അവിടെ ഇരിക്കുകയായിരുന്നു. ഭയങ്കര സിനിമാറ്റിക് രീതിയിലാണ് മമ്മൂക്ക വന്നത്. ആദ്യം ലാലേട്ടന്‍ വന്നു. ലാലേട്ടന്‍ ഇറങ്ങുമ്പോഴാണ് മമ്മൂക്ക വരുന്നത്. അവര്‍ നേര്‍ക്ക് നേര്‍ നടന്നുവന്ന് ക്രോസ് ചെയ്തുകഴിഞ്ഞ് പരസ്പരം തിരിഞ്ഞുനോക്കുകയും ചെയ്തു. അത് ഭയങ്കര സിനിമാറ്റിക് രീതിയിലായിരുന്നു.

മമ്മൂക്ക കേറിയപ്പോള്‍ കുറച്ച് ലൈറ്റൊക്കെ ഓഫാക്കിയിരുന്നു. മമ്മൂക്കയെ ഞാന്‍ ദൂരെ നിന്നും കാണുകയാണ്. അമ്മ എന്നെ നോക്കി നീയെന്താ കരയുന്നത് എന്ന് ചോദിച്ചു. ഞാന്‍ കരയുവാണ്. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്,’ മമിത പറഞ്ഞു.

സൂപ്പര്‍ ശരണ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മമിതയുടെ ചിത്രം. അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ സോന എന്ന മമിതയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതിനു ശേഷം സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായും മമിതയെ തെരഞ്ഞെടുത്തിരുന്നു. വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടിരുന്നു. തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. താനും ഒന്നിച്ച് ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും ബാല കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: Actress Mamita Baiju shares her experience of seeing Mammootty for the first time

Video Stories