മാസ്റ്റര്‍ സിനിമയുടെ റിലീസിന് ശേഷം തനിക്ക് നിരവധി മുന്‍ നിര ചിത്രങ്ങളില്‍ നിന്നും അവസരങ്ങള്‍ വന്നിട്ടുണ്ടായിരുന്നെന്ന് നടി മാളവിക മോഹനന്‍. മലയാളത്തില്‍ നിന്നുള്ള ചില ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ അല്ലാത്തതിനാല്‍ അവയൊക്കെ നിരസിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം മനസ്സ് തുറന്നത്.
‘മാസ്റ്റര്‍ സിനിമയുടെ റിലീസിന് ശേഷം എനിക്ക് ധാരാളം ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് മലയാളത്തിലെ പല മുന്‍നിര നടന്മാരുടെ ചിത്രങ്ങള്‍. പക്ഷെ എനിക്ക് ഒന്നും ചെയ്യാനില്ലാത്ത റോളുകളായിരുന്നു അവയൊക്കെ. ഒരു പ്രമുഖ നടന്റെ കൂടെ അഭിനയിക്കുന്നു എന്ന പേര് മാത്രമേ കിട്ടാനുള്ളൂ. എന്നെ എക്‌സൈറ്റ് ചെയ്യുന്ന ഒന്നും തന്നെ അതിനകത്ത് ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് ഇത്ര വലിയ ഓഫര്‍ നിരസിച്ചതെന്ന്, പക്ഷെ അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമല്ലേ.
വലിയ നടന്‍മാരുടെ കൂടെ അഭിനയിക്കുന്ന സമയത്ത് സിനിമയുടെ മുഴുവന്‍ ഫോക്കസും അവരുടെ മുകളിലായിരിക്കും. അവരുടെ ഫാന്‍സിനെ തൃപ്തിപ്പെടുത്താനായിരിക്കും പ്രധാന ശ്രദ്ധ. ഇവര്‍ പ്രത്യേക ഓഡിയന്‍സിനെ ഫോക്കസ് ചെയ്താണ് പടം ചെയ്യുക. അത്തരം ചിത്രങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പരീക്ഷണം ചെയ്യുന്നതിന് പരിമിതിയുണ്ടാകും. നമ്മള്‍ കുറച്ച് കൂടി റിയലിസ്റ്റിക്കായ പ്രൊജക്ടുകള്‍ ചെയ്യുമ്പോഴാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാനും, അഭിനയത്തില്‍ കൂടുതല്‍ പരീക്ഷണം നടത്താനും പഠിക്കാനും സാധിക്കൂ,’ മാളവിക പറഞ്ഞു.