ആര്‍ട്ട് ഫിലിമുകള്‍ ചെയ്തതിന്റെ പേരില്‍ ബ്രാന്റ് ചെയ്യപ്പെടുമെന്ന ഭയമുണ്ട്: മല്ലിക
Movie Day
ആര്‍ട്ട് ഫിലിമുകള്‍ ചെയ്തതിന്റെ പേരില്‍ ബ്രാന്റ് ചെയ്യപ്പെടുമെന്ന ഭയമുണ്ട്: മല്ലിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2012, 11:02 am

തൃശൂര്‍: ഒരുപാട് ആര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതിന്റെ പേരില്‍ അത്തരം വേഷങ്ങളിലേക്ക് ബ്രാന്‍ഡ് ചെയ്യപ്പെടുമെന്ന ഭയം തനിക്കുമുണ്ടെന്ന് ദേശീയചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ പ്രത്യേക പരാമര്‍ശത്തിനര്‍ഹയായ നടി മല്ലിക. തൃശൂര്‍ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

താനൊരു മലയാളിയാണെന്ന കാര്യം ആരും തിരിച്ചറിയാത്തതില്‍ നിരാശയുണ്ട്. അതുകൊണ്ടുതന്നെ ഇനിമുതല്‍ മലയാളത്തില്‍ സജീവമാകാന്‍ ശ്രമിക്കുമെന്നും നടി വ്യക്തമാക്കി.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച ഈ തൃശൂര്‍കാരി അംഗീകരിക്കപ്പെട്ടതും പേരെടുത്തതും തമിഴ്, കന്നട ഭാഷാചിത്രങ്ങളിലാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിഴല്‍കൂത്തിലെ അവതരിപ്പിച്ചത്.

നിഴല്‍കൂത്തില്‍ സുകുമാരിയുടെയും ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മകളായി വേഷമിട്ട മല്ലിക പിന്നീട് ചേരന്റെ ഓട്ടോഗ്രാഫില്‍ വേഷമിട്ടു. ഗോപിക എന്ന നടിയുടെ ഉദയത്തിന് നിമിത്തമായ ഓട്ടോഗ്രാഫ് മല്ലികയ്ക്കും നല്ലൊരു ഓപ്പണിംഗ് നല്‍കി. ഈ ചിത്രത്തോടെയാണ് റീജ മല്ലികയെന്ന പേര് സ്വന്തമാക്കിയത്. നിഴല്‍കൂത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു മല്ലിക. പേര് മാറ്റണമെന്ന് ചേരന്‍ പറഞ്ഞപ്പോള്‍ അമ്മയാണ് നിഴല്‍കൂത്തിലെ കഥാപാത്രത്തിന്റെ പേര് തിരഞ്ഞെടുത്തത്.

അന്നു പഠനത്തിനായിരുന്നു പ്രാധാന്യം നല്കിയത്. അതുമൂലം മലയാളത്തില്‍ അധികം അഭിനയിക്കാനായില്ല. തനിക്ക് അന്ന് ഓഫര്‍ ചെയ്യപ്പെട്ട വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികള്‍ ഇന്ന് അറിയപ്പെടുന്ന നടിമാരായെങ്കിലും ഒട്ടും വിഷമം തോന്നിയിട്ടില്ല. മലയാളത്തില്‍ കിട്ടിയ പല അവസരങ്ങളും ബുദ്ധിമോശം കൊണ്ട് കളഞ്ഞിട്ടുമുണ്ട്. സിനിമയില്‍നിന്നും മാറി നിന്നപ്പോഴാണ് സിനിമയുടെ മൂല്യം തിരിച്ചറിഞ്ഞത്. നല്ല ആര്‍ട്ടിസ്റ്റ് ആകാനാണ് താത്പര്യം. ഒപ്പം തിരക്കുള്ള താരവുമാകണം. തിരക്കുള്ള താരമായാലേ ബാങ്ക് അക്കൗണ്ട് നിറയൂ. പ്രേക്ഷകര്‍ അയ്യേ എന്നുപറയാത്ത ഏതു വേഷവും ചെയ്യും. കാരക്ടര്‍ ആവശ്യപ്പെടുന്നുവെങ്കില്‍ ഗ്ലാമറസ് ആയ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

മികച്ച ദേശീയചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സുവീരന്റെ ബ്യാരിയില്‍ മല്ലിക അവതരിപ്പിച്ച നാദിറ എന്ന കഥാപാത്രമാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായത്. നേരത്തേ കര്‍ണാടക സര്‍ക്കാറിന്റെ സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തില്‍ മല്ലികയുടെ പേര് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകന്‍, എം.എ. നിഷാദിന്റെ നമ്പര്‍ 166 മധുരാ ബസ്, മധുപാലിന്റെ ഒഴിമുറി എന്നിവയാണ് മല്ലികയുടെ പുതിയ പ്രോജക്ടുകള്‍.

Malayalam news

Kerala news in English