മലയാളത്തിലെ താരകുടുബങ്ങളില്ലൊന്നാണ് നടന്‍ സുകുമാരന്റെ കുടുബം. സുകുമാരന്റെ ഭാര്യ നടി മല്ലിക സുകുമാരനും, മക്കള്‍ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും സിനിമയിലുണ്ട്.
മക്കള്‍ സിനിമയില്‍ വരുമെന്ന് സുകുമാരന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞ ഒരു രസകരമായ കാര്യത്തെ കുറിച്ചും സംസാരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”എന്റെ രണ്ട് മക്കളും സിനിമയില്‍ വരും എന്ന് സുകുവേട്ടന്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. ഇത് ആദ്യം പറഞ്ഞത് സൈനിക് സ്‌കൂളില്‍ വെച്ചാണ്. മക്കളുടെ ഒരു സ്‌ക്കൂള്‍ ഡേ പരിപാടിയ്ക്ക് ഞാനും സുകുവേട്ടനും പോയിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് സുകുവേട്ടന്‍ വരുന്നത്. അവിടെ രാജു (പൃഥ്വിരാജ്) നാടകം സ്വന്തമായി ഡയറക്റ്റ് ചെയ്ത് അഭിനയിക്കുന്നുണ്ട്. ഇന്ദ്രനും (ഇന്ദ്രജിത്ത്) പല പരിപാടികള്‍ക്കും പങ്കെടുക്കുന്നുണ്ട്.
പാട്ടില്‍ ഇന്ദ്രനാണ് പങ്കെടുക്കാറുള്ളത്, അഭിനയിക്കുകയും ചെയ്യാറുണ്ട്. രണ്ട് പേരും സര്‍വ്വകലാവല്ലഭരായി എല്ലാത്തിനുമുണ്ട്. ഇവരുടെ നാടകത്തിലെ അഭിനയം കണ്ട് കഴിഞ്ഞ് ‘ഇവന്മാര് രണ്ടും സിനിമയില്‍ തന്നെയാണ് കേട്ടോ മല്ലികേ’ എന്ന് സുകുവേട്ടന്‍ പറഞ്ഞു. അതിനെന്താ, അച്ഛനും അമ്മയ്ക്കും സിനിമയില്‍ അഭിനയിക്കാമെങ്കില്‍ അവര്‍ക്കും ആകാമല്ലോ എന്നായിരുന്നു തമാശ രൂപേണ എന്റെ മറുപടി. അതിന് ശേഷം മക്കള്‍ വളര്‍ന്ന് വരുന്തോറും സുകുവേട്ടന്‍ സീരിയസായി തന്നെ അത് പറയാറുണ്ടായിരുന്നു,” മല്ലിക സുകുമാരന്‍ പറഞ്ഞു.
”ഒരിക്കല്‍ സംവിധായകന്‍ ഷാജി കൈലാസിനോട് സുകുവേട്ടന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. നിന്റെ പടത്തിന് എന്നെയൊന്നും വേണ്ടല്ലേ, വല്ല ഇടി കൊള്ളുന്ന വില്ലന്മാരെ മതിയല്ലേ. നീ നോക്കിക്കോ, എന്റെ മക്കളുടെ മുമ്പില്‍ വന്ന് ഡേറ്റ് വാങ്ങിച്ച് നീ പടം എടുക്കും എന്ന് ഷാജിയോട് പറയാറുണ്ടായിരുന്നു. അവനോടുള്ള സ്നേഹം കൂടുതല്‍ കൊണ്ട് പറഞ്ഞതാണ്. എല്ലാവരോടും അങ്ങനെ പറയാറില്ല. സുകുവേട്ടന് മക്കള്‍ രണ്ട് പേരും സിനിമയില്‍ വരും എന്ന തോന്നലുണ്ടായിരുന്നു. സുകുവേട്ടന്‍ പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു,” മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
‘ബ്രോ ഡാഡി’ എന്ന് ചിത്രമാണ് മല്ലിക സുകുമാരന്റേതായി അവസാനം റിലീസ് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ അമ്മയായാണ് മല്ലിക ചിത്രത്തില്‍ വേഷമിട്ടത്. മീന, ലാലു അലക്സ്, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.
പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ അമ്മയായി തന്നെയാണ് ചിത്രത്തില്‍ മല്ലിക വേഷമിടുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്, ശബരീഷ് വര്‍മ്മയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഗോള്‍ഡിന്റെ ഛായാഗ്രഹണം ആനന്ദ് സി.ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, എന്നിവയ്ക്ക് പുറമേ, ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രഫി, വിഷ്വല്‍ ഇഫക്റ്റുകള്‍, കളര്‍ ഗ്രേഡിംഗ്, ആനിമേഷന്‍ ടൈറ്റിലുകള്‍ എന്നിവയിലും അല്‍ഫോണ്‍സ് പുത്രന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlight: Actress Mallika Sukumaran talks about an interesting thing Sukumaran said to Shaji Kailas about prithviraj and indrajith