നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. എല്ലാ ആണുങ്ങളും ബോറന്മാരാണെന്ന് സ്ഥാപിക്കുന്നത് തെറ്റാണ്. സൂര്യനെല്ലി കേസില്‍ ഒരുപാട് തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ സ്ത്രീ വിദ്വേഷി ആക്കിയിട്ടുണ്ട് ചിലര്‍.
ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നത്. പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്.
ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ലെന്നും മല്ലിക പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു.
ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ കേസില്‍ നീതി വൈകുന്നത് അത്ഭുതമാണ്. ഇങ്ങനെയുള്ള തെറ്റുകള്‍ക്ക് ഉടനടി ശക്ഷകിട്ടുന്ന വിധം നിയമം മാറണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. പൊലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇയില്‍ നിന്ന് കൊച്ചി പൊലീസിന് മറുപടി കിട്ടിയിട്ടില്ല.
വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ എംബസിയിലും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ.
Content Highlights: Actress Mallika Sukumaran reacts to allegations of sexual harassment against producer and actor Vijay Babu