തിരുവനന്തപുരം: കരാറുകാരുമായി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരന്‍. കരാറുകാരെ കൂട്ടി എം.എല്‍.എമാര്‍ തന്നെ കാണാന്‍ വരരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മുഹമ്മദ് റിയാസ് രംഗത്തെത്തിയ വാര്‍ത്ത തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തായിരുന്നു അവരുടെ പ്രതികരണം.
ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുക. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ തന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവുമാണെന്ന് മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല. നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവും. ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതുമുന്നണിക്കും അഭിമാനിക്കാം. അഭിനന്ദനങ്ങള്‍ ശ്രീ. റിയാസ്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
അതേസമയം, റിയാസിനെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ രംഗത്തെത്തി. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
മന്ത്രി വ്യക്തമാക്കിയത് പൊതു നിലപാടാണെന്നും ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സി.പി.ഐ.എം നല്‍കാറുണ്ടെന്നും ആ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാരുമായി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് എ.എന്‍ ഷംസീര്‍ എം.എല്‍.എ, സുമേഷ് എം.എല്‍.എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചതായും മന്ത്രി ഖേദം പ്രകടിപ്പിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.