| Monday, 4th September 2023, 10:41 am

ഫിസിയോതെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോള്‍ പൃഥ്വിക്ക് ദേഷ്യം വരും; ചാടുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് ഞാന്‍ പറയും: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ ഓണക്കാലവും പോലെ താരകുടുംബത്തിലെ ഓണവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. ഇത്തവണത്തെ ഓണം താരകുടുംബം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന പൃഥ്വിരാജിന്റെ ലുക്കുള്‍പ്പെടെ അന്ന് വൈറലായിരുന്നു. സിനിമാ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനേറ്റ പരിക്കിനെ കുറിച്ചും അതില്‍ നിന്നും മുക്തനായി തിരിച്ചെത്തിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.

സര്‍ജറി കഴിഞ്ഞിരിക്കുന്ന പൃഥ്വിരാജിന് ഫിസിയോതെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോഴേ ദേഷ്യം വരുമെന്നാണ് മല്ലിക പറയുന്നത്. വീട്ടില്‍ വെറുതെ ഇരിക്കുന്നതിന്റേതായ എല്ലാ വിഷമങ്ങളും അവനുണ്ടെന്നും എങ്കിലും ഇപ്പോള്‍ പഴയതുപോലെ ആക്ടീവായി തിരിച്ചുവരികയാണെന്നും  മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.

വീട്ടിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് വരുന്നത് കാണുമ്പോഴേ പൃഥ്വിക്ക് ദേഷ്യം വരും. വരുന്നുണ്ട് വരുന്നുണ്ട് എന്ന് പറയും. ചാടുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്നും ഞാനും പറയും. മോഹന്‍ലാലിനെയൊക്കെ പോലെ കഴിയുന്നതും ഫൈറ്റ് സീനുകളൊക്കെ സ്വയം ചെയ്യാനാണ് ഇവരെല്ലാം ആഗ്രഹിക്കുന്നത്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോള്‍ പൃഥ്വി ആദ്യമൊക്കെ ഏതെങ്കിലും ഒരു മൂലയിരുന്ന് പുസ്തകമോ മറ്റോ വായിക്കും. വലിയ സംസാരമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് അതില്‍ നിന്നൊക്കെ ഒരുപാട് മാറ്റം വന്നു. ഈ ഓണം എല്ലാവരും ഒരുമിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

കഴിഞ്ഞ ഓണത്തിന് പൃഥ്വിരാജ് ആടുകള്‍ക്ക് നടുക്ക് കിടക്കുന്ന ഫോട്ടോയാണ് താന്‍ കണ്ടതെന്നും ആ ഓണം എല്ലാവര്‍ക്കും കൂടി ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മല്ലിക പറഞ്ഞു.

തന്റെ പഴയ ഓണക്കാലത്തെ കുറിച്ചും താരം അഭിമുഖത്തില്‍ ഓര്‍ത്തു. അന്ന് തറവാട്ടില്‍ ഊഞ്ഞാല്‍ കെട്ടി ആടുകയൊക്കെ ചെയ്തിരുന്നു. ഇന്ദ്രജിത്ത് ജനിച്ചതിന് ശേഷം വന്ന ഓണമാണ് തന്റെ ഓര്‍മയിലെ ഏറ്റവും നല്ല ഓണമെന്നും താരം പറഞ്ഞു.

Content Highlight: Actress mallika Sukumaran about Prithviraj accident

We use cookies to give you the best possible experience. Learn more