| Sunday, 19th February 2023, 9:39 pm

ഭാരം കുറച്ച പൃഥ്വിയുടെ ഫോട്ടോ കണ്ട് കരഞ്ഞുപോയി, ഇനി ഈ പരിപാടിക്ക് ഇല്ലെന്ന് അവനും പറഞ്ഞു: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ കണ്ട് താന്‍ ഞെട്ടിക്കരഞ്ഞു പോയെന്ന് മല്ലിക സുകുമാരന്‍. ഏകദേശം പത്തുമുപ്പത് കിലോ ചിത്രത്തിനായിട്ട് കുറച്ചിട്ടുണ്ടാകുമെന്നും പട്ടിണി കിടന്ന് ആടിന്റെ കൂടെ നില്‍ക്കുമ്പോഴുള്ള ഫോട്ടോസ് ഒന്നും തനിക്ക് കാണിച്ച് തന്നിട്ടില്ലെന്നും മല്ലിക പറഞ്ഞു.

ഒരു ഫോട്ടോ കാണുമ്പോള്‍ തന്നെ താന്‍ വല്ലാതെ തളര്‍ന്നു പോയെന്നും ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അത്രയും കഷ്ടപാട് ആടുജീവിതം സിനിമക്ക് വേണ്ടി പൃഥ്വിരാജ് എടുത്തിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ചെന്നോ, ഞാന്‍ കണ്ടപാടെ ഞെട്ടികരഞ്ഞു പോയി. അപ്പോള്‍ എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമായിട്ടാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ താഴെ വരെ താടിയും.

ബെസിയുടെ വലിയ സ്വപ്‌നമാണ് ആ സിനിമ. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ ഒരു സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്യാനിക്കുന്നുണ്ട്. അതിന് വേണ്ടി അറിഞ്ഞ് രാജു നില്‍ക്കുകയായിരുന്നു. കാരണം അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം.

ഈ നോവല്‍ സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ വായിച്ച എല്ലാവര്‍ക്കും ഒരു ആകാംക്ഷയുണ്ട്. എനിക്കും നല്ല ആകാംക്ഷയുണ്ട്. അത് ഒന്ന് വേഗം ഇറങ്ങി കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് ഞാനും ചിന്തിക്കുന്നത്.

കുറച്ച് ഫോട്ടോസ് മാത്രമെ എനിക്ക് കാണിച്ച് തന്നിട്ടുള്ളു. ശരിക്കും പട്ടിണി കിടന്ന് ആടിന്റെ കൂടെ നില്‍ക്കുമ്പോഴുള്ള ഫോട്ടോസ് ഒന്നും എനിക്ക് കാണിച്ച് തന്നിട്ടില്ല. ഇത് അത്യാവശ്യം താടി വളര്‍ത്തി പുതപ്പിന്റെ ഉള്ളില്‍ നില്‍ക്കുന്ന ഫോട്ടോയാണ്. അത് തന്നെ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.

കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ഞാന്‍ ഇരുന്ന് കരഞ്ഞു. കാരണം ഒറ്റ അടിക്ക് തടി കുറയ്ക്കരുതെന്ന് എന്റെ സഹോദരന്‍ പറഞ്ഞിരുന്നു. അതിന് വേറെ എന്തെങ്കിലും പ്രശ്‌നം വരുമെന്ന്.

പക്ഷെ ഇനി ഇത്ര വെയ്റ്റ് കുറക്കാന്‍ ഞാന്‍ ഇല്ലെന്ന് അവന്‍ തന്നെ പറയുന്നുണ്ട്. കാരണം അത്രയും അവന്‍ കഷ്ടപ്പെട്ടിട്ടുണ്ട്. സിക്‌സ് പാക്കോ, ത്രീ പാക്കോ അതൊക്കെ ശരിക്കും കാണാന്‍ പറ്റും,” മല്ലിക സുകുമാരന്‍ പറഞ്ഞു.

content highlight: actress mallika sukumaran about prithviraj

Latest Stories

We use cookies to give you the best possible experience. Learn more