| Thursday, 23rd March 2023, 6:20 pm

മരുമക്കളോട് എനിക്ക് പ്രതിഷേധമാണ്, അമ്മ സി.ഐ.ഡിയാണോയെന്നാണ് സുപ്രിയ ചോദിക്കുക: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചുമക്കളെ വീട്ടില്‍ കൊണ്ടുവരാത്തത് കൊണ്ട് തനിക്ക് മരുമക്കളോട് പ്രതിഷേധമാണെന്ന് നടി മല്ലിക സുകുമാരന്‍. മക്കളെ കാണാനില്ല തനിക്ക് കൊച്ചുമക്കളെ കാണാനാണ് തോന്നാറുള്ളതെന്നും താരം പറഞ്ഞു.

മക്കളുടെ വിശേഷങ്ങളെല്ലാം അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും പോസ്റ്റുകള്‍ കണ്ടാല്‍ വിളിച്ച് ചോദിക്കാറുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ എന്റെ മക്കളുടെ വിശേഷങ്ങള്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അല്ലെങ്കില്‍ അവരുടെ പോസ്റ്റിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കും. അപ്പോള്‍ തന്നെ ഞാന്‍ മക്കളെ വിളിച്ച് എവിടെയാണെന്നൊക്കെ ചോദിക്കും.

എവിടെ നിന്നാണ് മോനെ ഫോട്ടോയെടുത്തത്. ആളുകളുടെ കമന്റ് കാണാലോ. നീ അവിടെയാണോയെന്നൊക്കെ ചോദിക്കും. ഒരു ദിവസം രാജു ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഫോട്ടോയെക്കുറിച്ച് പറഞ്ഞിരുന്നു. ആ ഫോട്ടോ ഞാന്‍ അവന് അയച്ചുകൊടുത്തു.

ഇത് ഏത് സിനിമയുടേതാണോയെന്ന് ചോദിച്ചു. അപ്പോഴാണ് അവന്‍ പറയുന്നത് കുളുമണാലിയില്‍ ആണ് ഉള്ളതെന്ന്. രാജുവിനെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണാന്‍ തോന്നും.

അവരെ വീട്ടിലേക്ക് കൊണ്ടുവരാത്തത് കൊണ്ട് എനിക്ക് മരുമക്കളോട് പ്രതിഷേധമാണ്. ആറ്, ഏഴ് വയസായ കുഞ്ഞിന് സ്‌കൂളില്‍ പോയി വന്നാല്‍ പിന്നെ ട്യൂഷന് പോകണം, പിയാനോ പഠിക്കണം. ഈ  കുഞ്ഞുങ്ങളെ കാണാന്‍ പോലും കിട്ടില്ല. വലിയ പാടാണ്. ഇന്ദ്രജിത്തിന്റെ മകള്‍ക്ക് എന്നോട് വലിയ സ്‌നേഹമാണ്.

സുപ്രിയ പലപ്പോഴും ചോദിക്കാറുണ്ട്, അമ്മ എന്താ സി.ഐ.ഡിയാണോയെന്ന്. കാരണം അവള്‍ ഒരു ദിവസം എറണാകുളത്ത് ഫര്‍ണിച്ചര്‍ കടയില്‍ പോയപ്പോള്‍ അവിടെ എനിക്ക് അറിയുന്ന പയ്യനുണ്ടായിരുന്നു. ഉടനെ ഫോട്ടോ അയച്ചു തന്നു. മോള്‍ അവിടെയാണോ നില്‍ക്കുന്നതെന്ന് ഞാന്‍ വിളിച്ച് ചോദിച്ചിരുന്നു. ഞാന്‍ മക്കളുടെ കാര്യങ്ങള്‍ അറിയുന്നത് ഇങ്ങനെയൊക്കെയാണ്,” മല്ലിക സുകുമാരന്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS MALLIKA SUKUMARAN ABOUT HER FAMILY

We use cookies to give you the best possible experience. Learn more