Advertisement
Entertainment news
ഗോള്‍ഡ് കണ്ട് സ്‌കൂളില്‍ കൂടെ പഠിച്ചവരൊക്കെ മെസേജ് അയച്ചു, രാജുവിനെ തിരിച്ച് കൊണ്ടുവന്നതില്‍ അല്‍ഫോണ്‍സിന് നന്ദിയുണ്ട്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 02, 10:22 am
Friday, 2nd December 2022, 3:52 pm

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മവേഷമാണ് മല്ലിക അവതരിപ്പിച്ചത്.

സിനിമയിലെ തന്റെ പെര്‍ഫോമന്‍സ് കണ്ട് നിരവധി ആളുകള്‍ മെസേജ് അയച്ചുവെന്നും അല്‍ഫോണ്‍സ് പുത്രന്‍ തന്നെ നേരിട്ട് സിനിമയിലേക്ക് വിളിക്കുകയായിരുന്നുവെന്നും മല്ലിക പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഗോള്‍ഡിനെക്കുറിച്ച് സംസാരിച്ചത്.

”ഒരുപാട് സന്തോഷമുണ്ട് ഇപ്പോള്‍. കാരണം വലിയ റെസ്‌പോണ്‍സാണ് പലരും അറിയിക്കുന്നത്. ചേച്ചി നന്നായിരുന്നുവെന്നൊക്കെ ഒരുപാട് ആളുകള്‍ പറഞ്ഞു. ഞങ്ങളെ അറിയാവുന്നവരാണ് സിനിമ കാണുന്നതെങ്കില്‍ കുറച്ച് കൂടെ ചിരിച്ച് പോകും. കാരണം വീട്ടില്‍ ഞങ്ങളെങ്ങനെയാണോ കളിക്കുന്നത് അതുപോലെ തന്നെയാണ് സിനിമയിലും.

ഒരുപാട് പേരാണ് സിനിമ കണ്ടിട്ട് വളരെ നല്ല അഭിപ്രായം പറഞ്ഞത്. ചെറിയ ഒരു ത്രെഡില്‍ നിന്ന് അല്‍ഫോണ്‍സ് ഇത്രയും വലിയൊരു സിനിമ ചെയ്തത് വളരെ നന്നായി എന്നൊക്കെയാണ് പലരും എന്നോട് പറയുന്നത്. വളരെ സിമ്പിളായിട്ട് തമാശയൊക്കെ പറഞ്ഞ് പണ്ടത്തെപ്പോലെ ഡാന്‍സ് ഒക്കെ കളിച്ചിട്ടുള്ള രാജുവിന്റെ കഥാപാത്രം കണ്ടിട്ട് ഒത്തിരി കാലമായി എന്നാണ് അവര്‍ പറയുന്നത്.

അങ്ങനെയൊരു കഥാപാത്രമായി രാജുവിനെ തിരിച്ച് കൊണ്ടുവന്നതില്‍ അല്‍ഫോണ്‍സിന് ഒരുപാട് നന്ദിയുണ്ടെന്നൊക്കെ പറഞ്ഞു. ചേച്ചിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ലെന്നൊക്കെയാണ് ആളുകളുടെ അഭിപ്രായം. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അല്‍ഫോണ്‍സ് പുത്രന്റെ ഫാനാണ് ഞാന്‍. പ്രേമം കണ്ട നാളുമുതല്‍ തുടങ്ങിയതാണ്. ഞാന്‍ മാത്രമല്ല എല്ലാവര്‍ക്കും അതേ ഫീലാണ്.

പെട്ടെന്ന് എന്നെ ഇങ്ങനൊരു പടത്തിന് വിളിച്ചപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അതിനകത്ത് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷനുമുണ്ടെങ്കിലും എന്നെ ആദ്യം വിളിച്ചത് അല്‍ഫോണ്‍സ് തന്നെയാണ്. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചവര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന പരിചയക്കാര് വരെ സിനിമ വരുന്നത് അത്രയും പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അറിയിച്ചിരുന്നു.

പൃഥ്വിയുടെ അച്ഛനായിട്ട് സിനിമയില്‍ കാണിച്ചിരിക്കുന്നത് സുകു ഏട്ടന്റെ ഫോട്ടോ തന്നെയാണ്. ഞാനാണ് അമ്മ വേഷം ചെയ്യുന്നതെങ്കില്‍ പലരും സുകു ഏട്ടന്റെ പടം വെക്കട്ടെയെന്ന് ചോദിക്കും. എനിക്കും അത് ഭയങ്കര സന്തോഷമാണ്,” മല്ലിക പറഞ്ഞു.

content highlight: actress mallika sukumaran about gold movie