ആ സിനിമയുടെ പേരില്‍ ഞാന്‍ 'പിഴച്ചുപോയവളായി', സദാചാര കൊലപാതകമായിരുന്നു അന്ന് നടന്നത്; തുറന്നുപറഞ്ഞ് മല്ലിക ഷെരാവത്ത്
Entertainment
ആ സിനിമയുടെ പേരില്‍ ഞാന്‍ 'പിഴച്ചുപോയവളായി', സദാചാര കൊലപാതകമായിരുന്നു അന്ന് നടന്നത്; തുറന്നുപറഞ്ഞ് മല്ലിക ഷെരാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th May 2021, 12:25 pm

അഭിനയിച്ച സിനിമകളുടെ പേരില്‍ സദാചാര കൊലപാതം തന്നെയായിരുന്നു നേരിടേണ്ടി വന്നതെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. 2003ലിറങ്ങിയ ഖ്വാദിഷിലൂടെയാണ് മല്ലിക ഷെരാവത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2004ലെ മര്‍ഡറും ശ്രദ്ധിക്കപ്പെട്ടു.

രണ്ട് ചിത്രങ്ങളിലും അഭിനയിച്ച രംഗങ്ങളുടെ പേരില്‍ മല്ലിക ഷെരാവത്തിനെതിരെ വലിയ സദാചാര ആക്രമണം നടന്നിരുന്നു. അന്ന് താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും ഇപ്പോള്‍ സിനിമയില്‍ വന്ന മാറ്റങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് നടി. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.

‘ഞാന്‍ മര്‍ഡറില്‍ അഭിനയിച്ചപ്പോള്‍ എനിക്കെതിരെ സദാചാര കൊലയായിരുന്നു നടന്നത്. ഞാന്‍ പിഴച്ചുപോയവളാണെന്ന് പറഞ്ഞു. അന്ന് ഞാന്‍ അഭിനയിച്ച രംഗങ്ങളൊക്കെ ഇന്ന് സിനിമയില്‍ സാധാരണ കാര്യമായി മാറി. ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറി. നമ്മുടെ സിനിമ തന്നെ മാറി.

എന്നാലും ഇപ്പോള്‍ ആലോചിക്കുമ്പോഴും 50കളിലെയും അറുപതുകളിലെയും സിനിമയെ വെല്ലുന്ന ചിത്രങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ലെന്ന് തന്നെയാണ് തോന്നുന്നത്. അന്നത്തെ ചിത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഗംഭീര റോളുകള്‍ ലഭിച്ചിരുന്നു. ഇന്ന് അത് വല്ലാതെ നഷ്ടപ്പെട്ടിരിക്കുന്നു. കലാമൂല്യമുള്ള ഒരു കഥാപാത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ കാത്തിരുന്നത്,’ മല്ലിക പറഞ്ഞു.

മല്ലിക ഷെരാവത്തിന്റെ പുതിയ ചിത്രമായ RK/RKAY അമേരിക്കയിലും കാനഡിയിലുമാണ് റിലീസ് ചെയ്യുന്നത്. രജത് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജതും മല്ലികയും കൂടാതെ രണ്‍വീര്‍ ഷോരേ, ചന്ദ്രാച്ചൂര്‍ റാണി, കുബ്ര സെയ്ത്, മനു റിഷി ചദ്ദ എന്നിവരാണ് അഭിനയിക്കുന്നത്.

സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ചും മല്ലിക അഭിമുഖത്തില്‍ സംസാരിച്ചു. ‘ഞാന്‍ മറ്റു ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു – യാത്ര ചെയ്തു. വെബ് ഷോകള്‍ ചെയ്തു. എന്നെ സിനിമയില്‍ പിന്താങ്ങാന്‍ ബോയ്ഫ്രണ്ടോ മറ്റാരെങ്കിലുമോ ഇല്ല. എന്നെ റോളുകളിലേക്ക് നിര്‍ദേശിക്കാനും ആളുകളില്ല. അതിലൊന്നും ഇപ്പോള്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കും. സിനിമയുടെ ഭാഗമായി തുടരുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ മല്ലിക പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Mallika Sherawat opens up about moral policing she had to face after Murder movie