വെല്ലുവിളിയുള്ള വേഷം ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടുള്ള നടിയാണ് മല്ലിക. കൂട്ടുകാരുടെയും മറ്റും അഭിപ്രായം വകവെക്കാതെയാണ് ബ്യാരിയില്‍ അഭിനയിച്ചതെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പരീക്ഷണത്തിനു കൂടി മല്ലിക തയ്യാറാവുകയാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറിയെന്ന ചിത്രത്തില്‍ ആസിഫലിയുടെ അമ്മയായാണ് മല്ലികയെത്തുന്നത്.
“ഒഴിമുറി”യില്‍ മല്ലിക 25 വയസ്സുകാരിയായും 55 വയസ്സുകാരിയായും വേഷമിടുന്നുണ്ട്. ഇതില്‍ പ്രായം കൂടിയ കഥാപാത്രമാവാന്‍ മേക്കപ്പിലൂടെ രൂപമാറ്റം വരുത്തിയതു കൂടാതെ നോട്ടത്തിലും ഭാവപ്രകടനങ്ങളിലും ഇരുപ്പിലും നടപ്പിലും ഓരോ ചെറു ചലനങ്ങളിലും സംഭാഷണങ്ങളിലും എല്ലാം ഏറെ മാറ്റം വരുത്തേണ്ടി വന്നതായി മല്ലിക പറയുന്നു. തെക്കന്‍ കേരളത്തില്‍ താമസിക്കുന്ന ആളുകളുടെ സംസാര ഭാഷയാണ് ചിത്രത്തിലേത്. തെക്കന്‍ ശൈലിയിലുള്ള ഉച്ചാരണം സ്വായത്തമാക്കാന്‍ അല്പം ബുദ്ധിമുട്ടി. സെറ്റില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായെന്നും മല്ലിക പറയുന്നു.
ലാലാണ് ആസിഫിന്റെ അച്ഛനായി അഭിനയിക്കുന്നത്. ലാലിന്റെ അമ്മയായി ശ്വേതാമേനോനും ചിത്രത്തിലുണ്ട്. ഭാവനയാണ് ചിത്രത്തിലെ നായിക.
തലപ്പാവായിരുന്നു മധുപാല്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധുപാലിന്റെ രണ്ടാമത്തെ ചിത്രമാണ് ഒഴിമുറി. അഴകപ്പനാണ് “ഒഴിമുറി”യുടെ ഛായാഗ്രാഹകന്‍.
അടൂരിന്റെ നിഴല്‍ക്കുത്തിലൂടെയാണ് മല്ലിക അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ചേരന്റെ ഓട്ടോഗ്രാഫിലൂടെ മല്ലിക ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് അമ്മനിലാവ് ഇന്ത്യന്‍ റുപ്പി, സ്‌നേഹവീട് എന്നീ മലയാളചിത്രങ്ങളിലും മല്ലിക അഭിനയിച്ചു.