വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച താരമായിരുന്നു മാളവിക വെയില്‍സ്. അഭിനയരംഗത്തെത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മാളവികയുടേതായി കൂടുതല്‍ ചിത്രങ്ങള്‍ പിന്നീട് വന്നിരുന്നില്ല.
അഭിനയം എന്ന പാഷനുമായിട്ടായിരുന്നില്ല താന്‍ വളര്‍ന്നതെന്നും സിനിമ ചെയ്യാന്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നത് അച്ഛനായിരുന്നെന്നും പറയുകയാണ് മാളവിക.
തനിക്ക് എല്ലാ കാര്യത്തിലും താങ്ങായും തണലായും ഉണ്ടായിരുന്നത് അച്ഛനായിരുന്നെന്നും അച്ഛന്റെ മരണശേഷമാണ് താന്‍ സിനിമകള്‍ ചെയ്യാതായതെന്നും മാളവിക വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ അഭിനയത്തിലേക്ക് എത്തിയിട്ട് പത്ത് വര്‍ഷം ആകുന്നതേയുള്ളൂ. അഭിനയം എന്ന പാഷനുമായിട്ടല്ല ഞാന്‍ വളര്‍ന്നത്. പഠനം തന്നെയായിരുന്നു എന്റെ പ്രധാന താത്പര്യം. മലര്‍വാടി എന്ന ആദ്യ സിനിമ എനിക്കൊരു പരീക്ഷണം ആയിരുന്നു. അന്നെനിക്ക് സിനിമാ അഭിനയം എന്തെന്ന് അറിയുക പോലുമില്ലായിരുന്നു.
അച്ഛനായിരുന്നു എന്നെ എല്ലാ കാര്യങ്ങളിലും മോട്ടിവേറ്റ് ചെയ്തിരുന്നത്. സിനിമ ചെയ്യാനും അച്ഛന്‍ പ്രോത്സാഹിപ്പിച്ചു. അച്ഛനായിരുന്നു എല്ലാ കാര്യത്തിലും താങ്ങായി ഉണ്ടായിരുന്നത്. അച്ഛന്‍ മരിച്ച ശേഷമാണ് ഞാന്‍ സിനിമകള്‍ ചെയ്യാതായതും അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തതും.
കുറച്ചുനാള്‍ വിട്ടുനിന്ന ശേഷമാണ് സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. അച്ഛന്റെ മരണശേഷവും എനിക്ക് സിനിമാ ഓഫറുകള്‍ വന്നിരുന്നു. അച്ഛന്‍ പോയത് എന്നെ ഡിപ്രഷനിലേക്ക് നയിച്ചു. കാരണം എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നു.
പഠനത്തില്‍ ശ്രദ്ധിക്കാം, അഭിനയം വിടാം എന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ പൊന്നമ്പിളി സീരിയലിന്റെ പ്രൊഡ്യൂസറായ സജിന്‍ രാഘവന്‍ സര്‍ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവന്നു. ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം തീരുമാനം മാറ്റി,” മാളവിക പറയുന്നു.
അമ്മ സുധിന വെയില്‍സാണ് ഇപ്പോള്‍ തന്റെ എല്ലാ കാര്യത്തിലും ഒപ്പമുള്ളതെന്നും താരം പറയുന്നു. വിവാഹം നടത്താന്‍ വീട്ടുകാര്‍ തിരക്കുപിടിക്കുന്നൊന്നും ഇല്ലെന്നും തന്റെ കരിയറിനേയും തന്നേയും വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരാളായിരിക്കണം പങ്കാളിയെന്നും മാളവിക പറയുന്നു.