| Tuesday, 20th August 2024, 6:18 pm

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധമില്ല; അത് പത്ത് വർഷം മുമ്പത്തെ അഭിമുഖം: മാളവിക ശ്രീനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധുരം, കാസര്‍ഗോള്‍ഡ്, സാറ്റര്‍ഡേ നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക ശ്രീനാഥ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാളവികയുടെ പഴയ അഭിമുഖത്തിലെ ചെറിയൊരു ഭാഗം വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പങ്കെടുത്ത ഓഡിഷനില്‍ ഒരാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് വീഡിയോയില്‍ പറയുന്നത്.

അയാളോട് താന്‍ സഹകരിക്കുകയാണെങ്കില്‍ മഞ്ജു വാര്യറുടെ മകളുടെ റോള്‍ തരാമെന്ന് വാഗ്ദാനം ചെയ്‌തെന്ന് മാളവിക പറയുന്നുണ്ട്. ഈയൊരു ഭാഗത്തെ മാത്രം എടുത്തുകൊണ്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുകയുണ്ടായി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ഓഡിഷനിലാണ് ഈ സംഭവം ഉണ്ടായതെന്ന് വരെ ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാളവിക.

ആ ഇന്റര്‍വ്യൂ പഴയതാണെന്നും അതിലെ ചെറിയൊരു ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നും ആരും അത് മുഴുവന്‍ കണ്ടില്ലെന്നും മാളവിക പറഞ്ഞു. പത്തുവര്‍ഷം മുമ്പ് താന്‍ പങ്കെടുത്ത ഓഡിഷനെക്കുറിച്ചാണ് അതില്‍ പറഞ്ഞതെന്നും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുമായി അതിന് യാതൊരു പങ്കുമില്ലെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. അതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും മാളവിക ആവശ്യപ്പെട്ടു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മാളവിക ഇക്കാര്യം പറഞ്ഞത്.

‘ദയവായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. പലരും യഥാര്‍ത്ഥ അഭിമുഖം മുഴുവനും കണ്ടിട്ടില്ല. യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് ആര്‍ക്കും അറിയുകയും ഇല്ല. പത്തു വര്‍ഷം മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്.

അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. പണം നേടാന്‍ വേണ്ടി അവര്‍ നടത്തിയ ഫേക്ക് ഓഡിഷനായിരുന്നു അത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് എന്റെ വീഡിയോയുമായി യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക, ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല’ മാളവിക തന്റെ പോസ്റ്റില്‍ കുറിച്ചു.

Content Highlight: Actress Malavika Sreenath reacts against the video clip of her interview after Hema Committee report

We use cookies to give you the best possible experience. Learn more