| Sunday, 12th February 2023, 11:12 am

അവനവന്‍ നേരിടുന്ന പ്രശ്‌നങ്ങളിലെങ്കിലും നിലപാടുകള്‍ പറയേണ്ടതുണ്ട്, മുംബൈ നഗരമാണ് എന്നെ ഞാനാക്കിയത്: മാളവിക മോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തമായി നിലപാടുകള്‍ ആവശ്യമാണെന്ന് നടി മാളവിക മോഹനന്‍. എല്ലാ കാര്യങ്ങളിലും പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കിലും അവനവന്‍ നേരിടുന്ന പ്രശ്‌നങ്ങളിലെങ്കിലും ശക്തമായ നിലപാടുകള്‍ പറയണമെന്നും താരം പറഞ്ഞു.

മുംബൈ നഗരമാണ് തന്നെ രൂപപ്പെടുത്തിയതെന്നും അച്ഛനും അമ്മയും തനിക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു എന്നും മാളവിക പറഞ്ഞു. ക്രിസ്റ്റിയെന്ന പുതിയ സിനിമയുടെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമയിലായാലും ജീവിതത്തിലായാലും നമുക്ക് സ്വന്തമായി ഒരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. മുംബൈയില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ ‘ചപ്പല്‍ മാരൂംഗി’ പോലെയുള്ള കാമ്പയിനുകളില്‍ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ എന്റെ നിലപാടുകളുടെ ഭാഗമാണ്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല.

പക്ഷേ നമ്മള്‍ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളിലെങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്. അച്ഛന്റെ നാട് പയ്യന്നൂരാണെങ്കിലും ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. ആ നഗരമാണ് എന്റെ പേഴ്സണാലിറ്റിയും കരിയറുമൊക്കെ രൂപപ്പെടുത്തിയത്. അച്ഛനും അമ്മയും എനിക്ക് തന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത്.

ക്രിസ്റ്റിയുടെ ഷൂട്ടിങ് ജീവിതത്തിലെ രസകരമായ കുറെ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. മാലിദ്വീപില്‍ കുറച്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. ആ അനുഭവങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതാണ്. അവിടെ ചില ഒറ്റപ്പെട്ട ദ്വീപിലൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. ചെറിയ ബോട്ടില്‍ അഞ്ചോ ആറോ ആളുകളായിട്ടാണ് ഞങ്ങള്‍ ദ്വീപില്‍ പോയത്.

ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ നേരം സന്ധ്യയായി. രാത്രി ഒരുപാട് വൈകിയിട്ടും ബോട്ട് വരാതെ കുറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. പിന്നെയാണ് ബോട്ട് വന്നത്. രാത്രി ഇരുട്ടില്‍ ബോട്ടിലുള്ള യാത്ര വളരെ സാഹസികവും രസകരവുമായിരുന്നു,’ മാളവിക മോഹനന്‍ പറഞ്ഞു.

content highlight: actress malavika mohanan says her opinion

We use cookies to give you the best possible experience. Learn more