മാത്യു തോമസും മാളവിക മോഹനനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ക്രിസ്റ്റി. മാത്യുവിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പറയുകയാണ് താരമിപ്പോള്‍. പത്തൊമ്പത് വയസ് മാത്രമാണ് മാത്യവിനുള്ളതെന്നും ഈ ചെറിയ പ്രായത്തിലും വളരെ മികച്ച രീതിയിലാണ് കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്നും മാളവിക പറഞ്ഞു.
താന്‍ സിനിമയിലേക്ക് എങ്ങനെയാണ് വന്നതെന്നും അവര്‍ പറഞ്ഞു. അഭിനയം പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അതിന് കഴിഞ്ഞിരുന്നില്ലെന്നും ഒട്ടും പ്ലാന്‍ ചെയ്യാതെയാണ് സിനിമയിലേക്ക് വന്നതെന്നും മാളവിക പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വെറും പത്തൊമ്പത് വയസ് മാത്രമാണ് മാത്യുവിനുള്ളത്. എന്നാല്‍ ഈ പ്രായത്തിലും എത്ര നന്നായിട്ടാണ് കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ഏത് രീതിയാണ് കഥാപാത്രങ്ങളിലേക്കെത്താന്‍ മാത്യു സ്വീകരിക്കുന്നതെന്ന് എനിക്കറിയില്ല. ഭയങ്കരമായ കഴിവുകളുള്ള പെര്‍ഫോമറാണ് മാത്യു. എന്നെ സംബന്ധിച്ച് സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് പരിശീലനമൊന്നും കിട്ടിയിരുന്നില്ല.
പക്ഷെ അഭിനയം പഠിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പ്ലാന്‍ ചെയ്തിട്ടൊന്നുമല്ല ഞാന്‍ അഭിനയിക്കാന്‍ വന്നത്. പെട്ടെന്നൊരു അവസരം കിട്ടി അഭിനയിച്ചു അത്രയേയുള്ളു. പിന്നെ ഇരുപത് ഇരുപത്തിയൊന്ന് വയസ് മാത്രമായിരുന്നു ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്കുണ്ടായിരുന്നത്. ഒന്ന് ചെയ്ത് നോക്കാമെന്ന് മാത്രമാണ് ഞാന്‍ കരുതിയത്.
അഭിനയിക്കുന്നതിനിടയില്‍ ഇതൊക്കെ തന്നെ പഠിക്കാമെന്നാണ് അന്ന് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ സിനിമയോടുള്ള എന്റെ സമീപനം ഇന്നൊരുപാട് മാറിയിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ അഭിനയം ഒരിക്കലും അവസാനിക്കാത്തൊരു പ്രക്രിയയാണ്. നമ്മള്‍ നമ്മളെ തന്നെ തിരിച്ചറിയുന്ന ഒരു രീതിയാണത്.
എല്ലാവരും പറയുന്നത് പോലെ തന്നെ ഒരു അഭിനേതാവിന്റെ ഉപകരണം അയാള്‍ തന്നെയാണ്. നമ്മുടെ ശരീരം, കണ്ണ്, ശബ്ദം ഇതെല്ലാമാണ് ഒരു നടന്റെയും നടിയുടെയും ആയുധങ്ങള്‍. ഞാന്‍ പറഞ്ഞല്ലോ ഇത് അവനവനെ തിരിച്ചറിയുന്ന പ്രക്രിയയാണെന്ന്. എന്നാല്‍ എനിക്ക് അങ്ങനെയൊക്കെ ആയിതീരാന്‍ ഒരുപാട് സമയമെടുത്തിട്ടുണ്ട്,’ മാളവിക മോഹനന്‍ പറഞ്ഞു.
content highlight: actress malavika mohanan about mathew thomas