ദീപിക പദുക്കോണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഒഴിവാക്കിയാണ് ബിയോണ്ട് ദി ക്ലൗട് എന്ന സിനിമയിലേക്ക് ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി തന്നെ അഭിനയിക്കാന്‍ വിളിച്ചതെന്ന് നടി മാളവിക മോഹനന്‍. സിനിമക്ക് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയാറായിരുന്നുവെന്നും ഷൂട്ടിന്റെ ഭാഗമായി പത്ത് പതിനഞ്ച് ദിവസം കുളിക്കുക പോലും ചെയ്തില്ലെന്നും മാളവിക പറഞ്ഞു.
സിനിമയുടെ ഭാഗമായി താന്‍ എട്ട് കിലോ ഭാരം കുറച്ചെന്നും തെറ്റായ ഡയറ്റാണ് അന്നെടുത്തതെന്നും താരം പറഞ്ഞു. ഒരിക്കലും ആരും അങ്ങനെ ചെയ്യരുതെന്നും താന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു അതെന്നും മാളവിക പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പ്രശസ്ത ഇറാനിയന്‍ സിനിമാ സംവിധായകനായ മജീദി ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ദീപിക പദുക്കോണ്‍ അടക്കമുള്ള ബോളിവുഡിലെ നായികമാരെ മാറ്റി നിര്‍ത്തിയിട്ടാണ് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചത്. അതുകൊണ്ട് തന്നെ സിനിമക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു.
സിനിമയില്‍ ആ കഥാപാത്രം ജയിലില്‍ കിടക്കുന്ന ഒരു രംഗമുണ്ട്. പത്ത് പതിനഞ്ച് ദിവസം ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയെ നാച്വറലായി കാണിക്കാന്‍ വേണ്ടി ഞാന്‍ ദിവസങ്ങളോളം കുളിക്കാതെയിരുന്നിട്ടുണ്ട്. പത്ത് ദിവസത്തോളം തല കുളിച്ചില്ല. മുടി ജട കെട്ടിയത് പോലെ ആയി വരണമായിരുന്നു. അതിന് വേണ്ടിയായിരുന്നു കുളിക്കാതിരുന്നത്.
ജയിലില്‍ കിടന്ന് ഡിപ്രഷന്‍ അടിക്കുന്ന പെണ്‍കുട്ടിയായി മാറാന്‍ പെട്ടന്ന് ശരീര ഭാരം കുറക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആവേശത്തില്‍ കുറക്കാം സാര്‍ എന്ന് പറയുകയും ചെയ്തു. പതിനഞ്ച് ദിവസം കൊണ്ട് എട്ട് കിലോയോളം ഭാരം കുറച്ചു. പെട്ടന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് അങ്ങ് നിര്‍ത്തുകയായിരുന്നു. വെറും എഗ് വൈറ്റും ഒരു ആപ്പിളും മാത്രമാണ് ദിവസവും കഴിച്ചിരുന്നത്.
എന്നാല്‍ അത് ഞാനെടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. ശരീരഭാരം കുറയ്ക്കുന്നെങ്കില്‍ ഉറപ്പായും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡയറ്റ് ചാര്‍ട്ട് ചെയ്ത് വേണം ചെയ്യാന്‍. അതിന് കൃത്യമായ ന്യൂട്രീഷനും ഡയറ്റും നോക്കണം. അല്ലെങ്കില്‍ വൃക്കക്കെ തകരാര്‍ സംഭവിച്ചേക്കാം. അന്ന് കഥാപാത്രത്തിന്റെ ഭ്രാന്തില്‍ നില്‍ക്കുന്നതിനാല്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു അത്,’ മാളവിക പറഞ്ഞു.
content highlight: actress malavika mohanan about her movie