| Thursday, 29th July 2021, 3:58 pm

മാമാങ്കത്തില്‍ വലിയ കഥാപാത്രമായിരുന്നു, പക്ഷെ സീനുകളെല്ലാം ഒഴിവാക്കിയപ്പോള്‍ ഇടിത്തീ വീണതുപോലെയായി എനിക്ക്: തുറന്നുപറഞ്ഞ് മാളവിക മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും പിന്നീട് ആ രംഗങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നപ്പോളുണ്ടായ വിഷമത്തെ കുറിച്ച് തുറന്നുപറയുകയാണ് നടി മാളവിക മേനോന്‍. വലിയ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് ഒടുവില്‍ അതൊക്കെ മുറിച്ചുമാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണതു പോലെയായിരുന്നുവെന്ന് മാളവിക പറയുന്നു.

കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ അനുഭവത്തെ കുറിച്ച് സംസാരിക്കുന്നത്. അണിയറ പ്രവര്‍ത്തകരുടെയോ തന്റെയോ കുഴപ്പം കൊണ്ടല്ല ഇത്തരത്തില്‍ അഭിനയിച്ച സീനുകള്‍ ഒഴിവാക്കേണ്ടി വന്നതെന്നും മാളവിക പറയുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴുവില്‍ മാളവിക അഭിനയിക്കുന്നുണ്ട്.

‘മമ്മൂക്കയോടൊപ്പം മുന്‍പ് മാമാങ്കത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ പല കാരണങ്ങളും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്തു. മുന്‍പ് എടുത്തുവെച്ചിരുന്ന ഒരു പാട്ട് മാത്രം മാറ്റിയില്ല.

ഞാനഭിനയിച്ച സീനുകളെല്ലാം പോയെങ്കിലും ഒരു പാട്ടില്‍ ഞാനുണ്ട്. പാട്ടിലെ ഒന്നു രണ്ട് ഷോട്ടില്‍ മാത്രമേയുള്ളുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. വലിയ ഒരു സിനിമയില്‍ വലിയ ഒരു കഥാപാത്രം ചെയ്തിട്ട് ഒടുവില്‍ അതൊക്കെ മുറിച്ചുമാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു എനിക്ക്.

മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ഒരു മാസത്തോളം ഞാനഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ല. അത് അവരുടെയോ എന്റെയോ കുഴപ്പമായിരുന്നില്ല.

മാമാങ്കത്തിന്റെ ഷെഡ്യൂള്‍ തുടങ്ങിയ സമയത്താണ് പൊറിഞ്ചു മറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്. മാമാങ്കത്തില്‍ സംവിധായകനുള്‍പ്പടെ കുറെ പേരുടെ കാര്യത്തില്‍ മാറ്റം വന്നു.

പൊറിഞ്ചു മറിയം ജോസിലേക്ക് അവസരം വന്നപ്പോള്‍ മാമാങ്കം ടീമുമായി ഞാന്‍ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷെ അവര്‍ക്ക് പല കാരണങ്ങളാലും കൃത്യമായി ഡേറ്റ് പറയാന്‍ പറ്റിയില്ല.

പൊറിഞ്ചുവില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം എനിക്ക് മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. പക്ഷെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം,’ മാളവിക പറയുന്നു.

2019ലിറങ്ങിയ മാമാങ്കം ആദ്യം സംവിധാനം ചെയ്തത് സജീവ് പിള്ളയായിരുന്നു. പിന്നീട് എം. പത്മകുമാര്‍ സംവിധാനം ചെയ്യാനെത്തുകയായിരുന്നു. അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തമ്മില്‍ നടന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് ചിത്രം നിരവധി തവണ വിവാദങ്ങളില്‍ പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Malavika Menon shares sad experience about the movie Mamangam

We use cookies to give you the best possible experience. Learn more