| Monday, 14th February 2022, 1:04 pm

അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ നമ്മള്‍ അടുത്ത ദിവസം മുതല്‍ വീട്ടിലിരിക്കേണ്ടി വരും: മാലാ പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യത്യസ്തങ്ങളായ ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മാലാ പാര്‍വതി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്ന താരം അഭിനയത്തിന് പുറമെ മറ്റ് വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുണ്ട്.

മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ സമിതി രൂപീകരിക്കണമെന്ന് ഡബ്ല്യു.സി.സി ആവശ്യമുന്നയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ഇപ്പോള്‍ മാലാ പാര്‍വതി.

അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്നും എന്നാല്‍ അത് പ്രാവര്‍ത്തികമാകില്ലെന്നുമാണ് മാലാ പാര്‍വതി പറയുന്നത്.
അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ അടുത്ത ദിവസം മുതല്‍ തങ്ങള്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്നും താരം പറയുന്നു.

”അമ്മ എന്ന സംഘടന ഒരിക്കലും തൊഴിലുടമയല്ല. വിശാഖ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് തൊഴിലുടമ-തൊഴിലാളി ബന്ധത്തെ കുറിച്ചാണ്. അതില്‍ താരസംഘടന ഒരിക്കലും വരില്ല

അമ്മ രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഒരു മീറ്റിംഗിലോ പരിപാടികളിലോ ഒരു പ്രശ്നമുണ്ടായാല്‍ ഇന്റേണല്‍ കമ്മിറ്റിയിലേക്ക് വരാമെന്ന് മാത്രമാണ് ഉള്ളത്. അമ്മ എന്ന സംഘടന ഇതുവരെ ഒന്നും നിര്‍മിച്ചിട്ടില്ല,” മാലാ പാര്‍വതി പറയുന്നു.

സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം. അതിന് പ്രൊഡ്യൂസര്‍മാരുടെ പിന്തുണ വേണം. ചേംബര്‍ ഇത് ഗൗരവമായി തന്നെ എടുക്കേണ്ട വിഷയമാണ്.

സിനിമ നിയന്ത്രിക്കുന്നത് നിര്‍മാതാക്കളും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ്. അഭിനേതാക്കള്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് പറഞ്ഞാല്‍ നമ്മള്‍ അടുത്ത ദിവസം മുതല്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

”നിര്‍മാതാക്കളാണ് ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് മുന്‍കൈ എടുക്കേണ്ടത്. എന്റെ സിനിമയില്‍ ഇത്തരം കമ്മിറ്റി വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം.

സിനിമ ചെയ്യാനായി വരുന്ന ചിലരുണ്ട്. അമല്‍ നീരദിന്റെ സെറ്റിന്റെ കാര്യം തന്നെയെടുക്കാം. അവിടെ ഒന്നും നടക്കില്ല. അതിനര്‍ത്ഥം സിനിമയില്‍ മോശം കാര്യങ്ങളില്ലെന്നല്ല. മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് വന്നാല്‍ ഈ പ്രശ്നമൊക്കെ മാറും. ഇപ്പോള്‍ അങ്ങനെ വന്നിട്ടുണ്ട്,” താരം പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരില്ലെന്ന് മുമ്പേ അറിയാമായിരുന്നെന്നും മാലാ പാര്‍വതി പറഞ്ഞു.


Content Highlight: Actress Mala Parvathy on internal committees for women in cinema

We use cookies to give you the best possible experience. Learn more