വിവാദ ചിത്രം കേരള സ്റ്റോറിക്കെതിരെ വിമര്‍ശനവുമായി നടി മാല പാര്‍വതി. കേരള സ്റ്റോറി എന്ന കഥ അവര്‍ മെനയുന്നത് ഈ കാലഘട്ടത്തിന് വേണ്ടിയല്ലെന്നും ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എന്‍ജിനുകളില്‍ ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കുമെന്നും മാലാ പാര്‍വതി പറഞ്ഞു.
നാളെ ഒരു സമയത്ത് കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാല്‍, കലാപം നടന്നാല്‍, പട്ടാളമിറങ്ങിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതുമെന്നും മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂര്‍ എന്നൊക്കെ കേള്‍ക്കുന്ന പോലെ നമ്മുടെ പ്രശ്‌നങ്ങള്‍ വാര്‍ത്ത അല്ലാതെ ആകുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മാല പാര്‍വതി പറഞ്ഞു.
‘കേരള സ്റ്റോറി എന്ന കഥ അവര്‍ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല.
വരും തലമുറയ്ക്ക് വേണ്ടിയാണ്. അവര്‍ ചരിത്രത്തെ നിര്‍മിക്കുകയാണ്. കൊമേഴ്‌സ്യല്‍ സിനിമയുണ്ടാക്കുന്ന പൊതുബോധം മതി അവര്‍ക്ക്. ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എന്‍ജിനുകളില്‍, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.
ബാന്‍ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാന്‍ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാന്‍ നമ്മുടെ ഇടയില്‍ ആള്‍ക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാര്‍ദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവര്‍.
ജാതിയും മതവും, ആ പ്രത്യേകതകളും. ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവര്‍.
വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണില്‍ വളരാന്‍ അനുവദിക്കാതെ കാവല്‍ നില്‍ക്കുന്നവര്‍ ഇന്നും ഉണ്ട് മണ്ണില്‍.
വിഭജിക്കാനുള്ള ശ്രമം പൂര്‍ണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയില്‍. പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്, ഭയവും. കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാല്‍, കലാപം നടന്നാല്‍, പട്ടാളമിറങ്ങിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂര്‍ എന്നൊക്കെ കേള്‍ക്കുന്ന പോലെ നമ്മുടെ പ്രശ്‌നങ്ങള്‍ വാര്‍ത്ത അല്ലാതെയും ആകും,’ മാല പാര്‍വതി കുറിച്ചു.
മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്യുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും 32000 സ്ത്രീകള്‍ ഐസിസിലേക്ക് പോയി എന്നായിരുന്നു സിനിമയുടെ ടീസറിലും ട്രെയ്‌ലറിലും പറഞ്ഞിരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ട്രെയ്‌ലറിനൊപ്പം നല്‍കിയിരിക്കുന്ന യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ അണിയറപ്രവര്‍ത്തകര്‍ തിരുത്തിയിരുന്നു. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്ന വിവരണം തിരുത്തി മൂന്ന് പെണ്‍കുട്ടികള്‍ എന്നാണ് മാറ്റിയത്.
Content Highlight: Actress Mala Parvathy criticized the controversial film Kerala Story