ആനയും കുഴിയാനയും പോലെയല്ല അമിതാഭ് ജിയും ഇന്ദ്രന്‍സ് ചേട്ടനും, വാസവന്‍ മിനിസ്റ്ററെ ന്യായീകരിച്ച് കൂടുതല്‍ വൃത്തികേടാവുകയാണ്: മാല പാര്‍വതി
Entertainment
ആനയും കുഴിയാനയും പോലെയല്ല അമിതാഭ് ജിയും ഇന്ദ്രന്‍സ് ചേട്ടനും, വാസവന്‍ മിനിസ്റ്ററെ ന്യായീകരിച്ച് കൂടുതല്‍ വൃത്തികേടാവുകയാണ്: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th December 2022, 10:58 am

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെതിരെ അധിക്ഷേപ പരാമാര്‍ശം നടത്തിയ മന്ത്രി വി.എന്‍. വാസവനെതിരെ നടി മാല പാര്‍വതി. ‘അളക്കാനാവാത്ത പൊക്കം! ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല,’ എന്നാണ് മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.

മന്ത്രി വാസവന്‍ ഉദ്ദേശിച്ച അര്‍ത്ഥം ഇതല്ല എന്ന് പറഞ്ഞ ഒരു കമന്റിന് മാല പാര്‍വതി മറുപടിയും കൊടുത്തിട്ടുണ്ട്. ‘ആനയും കുഴിയാനയും പോലെ അല്ല അമിതാഭ് ബച്ചന്‍ജിയും ഇന്ദ്രന്‍സ് ചേട്ടനും. രണ്ട് പേരും അതുല്യരായ കലാകാരന്മാരാണ്. താങ്കള്‍ വാസവന്‍ മിനിസ്റ്ററെ ന്യായീകരിച്ച് കൂടുതല്‍ വൃത്തികേടാവുകയാണ്. ഈ രണ്ട് കലാകാരന്മാരില്‍ ആരാണ് ആന ആരാണ് കുഴിയാന? തെറ്റ് പറ്റിയാല്‍ തെറ്റെന്ന് പറയാം. ആരും മോശം വിചാരിക്കില്ല,’ മാല പാര്‍വതി കമന്റ് ചെയ്തു.

അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ പൊക്കത്തിലായി എന്നാണ് വാസവന്‍ നിയമസഭയില്‍ പറഞ്ഞത്. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നല്‍കിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്.

പരാമര്‍ശത്തിന് പിന്നാലെ രാഷ്ട്രീയ, സിനിമ മേഖലയില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വിര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് മന്ത്രി വാസവന്‍ തന്നെ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. മോശം പരാമര്‍ശം പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഭാ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയതായി സ്പീക്കര്‍ അറിയിച്ചു.

ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

ഇടത് ബുദ്ധിജീവികളോട് ഒരു ചോദ്യം? ഇത് ബോഡി ഷെയിമിങ്ങില്‍ പെടുമോ? അല്ലെങ്കില്‍ ആ ക്യാപ്സ്യൂള്‍ അറിഞ്ഞാല്‍ കൊള്ളാം, എന്നാണ് ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ എഴുതിയത്.

ഇന്ദ്രന്‍സ് തലയെടുപ്പുള്ള നടനാണെന്നും വകുപ്പ് മന്ത്രി വാസവന്‍ ഐ.എഫ്.എഫ്.കെയില്‍ പോയി കൂടുതല്‍ പഠിക്കണമെന്നും വിശാല മനസുള്ള മനുഷ്യനാകണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Actress Mala Parvathy against Vasavan who insulted Indrans