നായക പദം അലങ്കരിക്കുന്ന ആ നടന്‍ അന്ന് റൂമിലേക്ക് ഇടിച്ചു കയറി; ഞാന്‍ വിചാരിച്ചാല്‍ നിന്റെ ചാന്‍സ് ഇല്ലാതാക്കാന്‍ പറ്റുമെന്ന് അവര്‍ പറഞ്ഞു: മഹിമ
Entertainment news
നായക പദം അലങ്കരിക്കുന്ന ആ നടന്‍ അന്ന് റൂമിലേക്ക് ഇടിച്ചു കയറി; ഞാന്‍ വിചാരിച്ചാല്‍ നിന്റെ ചാന്‍സ് ഇല്ലാതാക്കാന്‍ പറ്റുമെന്ന് അവര്‍ പറഞ്ഞു: മഹിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th December 2022, 7:49 pm

സിനിമയില്‍ നിന്നും തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി മഹിമ. നായക പദം അലങ്കരിക്കുകയും കോമഡിയിലൂടെ ആളുകളെ കളിയാക്കുകയും ചെയ്യുന്ന നടന്‍ തന്റെ റൂമിലേക്ക് ഇടിച്ചു കയറി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് മഹിമ പറഞ്ഞത്. ഫോണില്‍ വിളിച്ചിട്ട് റൂമിലേക്ക് വരാനായി പല ഡയറക്ടര്‍മാരും പറഞ്ഞിട്ടുണ്ടെന്നും മഹിമ പറഞ്ഞു.

അവരുടെയൊന്നും മുമ്പില്‍ സ്വന്തം വ്യക്തിത്വം പണയം വെക്കാന്‍ താന്‍ തയ്യാറായിട്ടില്ലെന്നും അതിന്റെ ഫലമായി ഒരുപാട് റോളുകള്‍ കിട്ടാതെയായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”തുടക്കം മുതലെ ഇന്‍ഡസ്ട്രിയില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ നല്ല റോളുകളില്‍ അഭിനയിക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാല്‍ അതിന് എന്റെ വ്യക്തിത്വം പണയം വെക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

അതുകൊണ്ടാണ് ഒരുപാട് കാത്തിരിപ്പുകള്‍ക്ക് ശേഷം എനിക്ക് ഒരു നായിക കഥാപാത്രം കിട്ടിയത്. ഞാന്‍ സിനിമയില്‍ ഒതുങ്ങിയതല്ല. പലരും എന്നെ ഒതുക്കിയതാണ്. കാസ്റ്റിങ്ങ് കൗച്ചിന്റെ ബുദ്ധിമുട്ട് അന്നും ഇന്നും ഒരുപോലെയാണ്.

ഡയറക്ടര്‍ ആയിരിക്കില്ല സിനിമയിലേക്ക് വിളിക്കുക. സെറ്റില്‍ ചെന്നിട്ടാണ് ഡയറക്ടറെ കാണുക. അപ്പോഴാണ് അവരുടെ ഭാഗത്ത് നിന്ന് ഇത്തരം സംസാരങ്ങളും പെരുമാറ്റവും ഉണ്ടാവുക. അതൊക്കെ കേട്ടിട്ട് പല ലൊക്കേഷനിലും ചെന്നിട്ട് ജോയിന്‍ ചെയ്യാതെ തിരിച്ച് പോന്ന സിറ്റുവേഷന്‍സ് ഉണ്ടായിട്ടുണ്ട്.

അവര്‍ വിളിക്കും എന്നിട്ട് പേഴ്‌സണലായിട്ട് സംസാരിക്കാനുണ്ടെന്ന് പറയും. നേരിട്ട് ഒന്ന് കാണണം റൂമിലേക്ക് വരാന്‍ പറയും. റൂമിലേക്ക് വരില്ലെന്നും റൂമില്‍ വന്നിട്ട് എനിക്ക് ഒന്നും സംസാരിക്കാനും പറയാനുമില്ലെന്നാണ് ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളത്. അങ്ങനെ പറയുമ്പോള്‍ അവര്‍ ആദ്യം പറഞ്ഞ കഥാപാത്രമായിരിക്കില്ല എനിക്ക് തരുക.

മേക്കപ്പ് ഇടാന്‍ ഇരിക്കുമ്പോഴാണ് ഈ കാര്യം അറിയുക. ആ സമയത്ത് ഇട്ടെറിഞ്ഞ് വരാന്‍ പറ്റില്ല. കാരണം ഫുള്‍ ക്രൂവിനെയാണ് ബാധിക്കുക. ചെയ്യാന്‍ മാനസികമായി ബുദ്ധിമുട്ടുള്ള കുറേ കഥാപാത്രങ്ങളില്‍ അങ്ങനെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

സഹനടന്‍മാരും മോശമായി സമീപിച്ചിട്ടുണ്ട്. അവരുടെ ഭാവം അവര്‍ വിചാരിച്ചാലും ഇവിടെ പലതും നടക്കുമെന്നാണ്. ഞാന്‍ വിചാരിച്ചാല്‍ നിന്നെ പോലുള്ളവരുടെ ചാന്‍സ് ഇല്ലാതാക്കാന്‍ പറ്റുമെന്നാണ് എന്നോട് ഒരു മുതിര്‍ന്ന ആര്‍ട്ടിസ്റ്റ് പറഞ്ഞിരുന്നത്.

അതുപോലെ ഇന്‍ഡസ്ട്രിയില്‍ ഒരു കാലത്ത് നായക പദം അലങ്കരിക്കുകയും കോമഡിയിലൂടെ ആളുകളെ കളിയാക്കുകയും ചെയ്യുന്ന ഒരു നായകനുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാനും വര്‍ക്ക് ചെയ്തിട്ടുണ്ട്. തിരുവന്തപുരത്തായിരുന്നു ഷൂട്ട്. ഈ നായകന്‍ റൂമിലേക്ക് ഇടിച്ചു കേറി വന്നു. ഡയറക്ടര്‍ എന്റെ റൂമിലുള്ള അമ്മയെ ഒഴിവാക്കി. ഞാന്‍ അയാളോട് മാന്യമായി സംസാരിച്ച് റൂമില്‍ നിന്നും ഇറക്കി വിടുകയാണ് ചെയ്തത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടു. ഇത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായുട്ടുണ്ട്,” മഹിമ പറഞ്ഞു.

 

content highlight:Actress Mahima has said that she has had many bad experiences from the film