|

ചേട്ടാ എന്നെ മനസില്‍ വെച്ച് ഒരു ക്യാരക്ടര്‍ എഴുതിക്കോ, ഞാന്‍ റെഡി, എന്നായിരിക്കും ഇനി കാണുമ്പോള്‍ പുള്ളിയോട് പറയുക: മഡോണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ മലയാളത്തില്‍ അരങ്ങേറി, പിന്നീട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. തമിഴിലും തെലുങ്കിലും കന്നഡയിലുമായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മഡോണ സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ചിട്ടുണ്ട്.

ഇനി അല്‍ഫോണ്‍സ് പുത്രനെ കാണുകയാണെങ്കില്‍ ആദ്യം പറയുക നന്ദി എന്നായിരിക്കുമെന്ന് പറയുകയാണ് മഡോണ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അല്‍ഫോണ്‍സ് പുത്രനെ പെട്ടെന്ന് കാണുകയാണെങ്കില്‍ എന്ത് പറയും എന്ന അവതാരകയുടെ ചോദ്യത്തിന്, ‘അല്‍ഫോണ്‍സ് ചേട്ടന്റെയടുത്ത് ഒരു നന്ദി പറയും, ഒരു ബിഗ് താങ്ക്‌യൂ,’ എന്നാണ് മഡോണ മറുപടി പറഞ്ഞത്.

”കാരണം ഞാന്‍ ഇതുവരെ അത് പറഞ്ഞിട്ടില്ല. ആള്‍ക്കാരെ നേരിട്ട് കാണുമ്പോള്‍ നമ്മള്‍ കാര്യം പറയത്തില്ലല്ലോ. ഞാന്‍ അല്‍ഫോണ്‍സ് ചേട്ടനുമായി അങ്ങനെ ഫോണ്‍ കോണ്‍ടാക്ട് ഉള്ളയാളല്ല. ഞാന്‍ പൊതുവെ അങ്ങനെ ആരുമായും വിളിയും പറച്ചിലുമൊന്നുമില്ല.

അല്‍ഫോണ്‍സ് ചേട്ടാ നമുക്ക് അടുത്ത ഒരു പടം കൂടി ഒരുമിച്ച് ചെയ്യണ്ടേ, എന്നെ മനസില്‍ വെച്ച് ഒരു ക്യാരക്ടര്‍ എഴുതിക്കോ, ഞാന്‍ റെഡി, എന്നായിരിക്കും ഇനി കാണുമ്പോള്‍ പുള്ളിയോട് പറയുക,” മഡോണ പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ വരാനിരിക്കുന്ന ചിത്രം ഗോള്‍ഡ് റിലീസിന് മുമ്പേ തന്നെ ശ്രദ്ധ നേടിയപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നില്ലേ എന്ന അവതാരകയുടെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

”വിളിക്കാന്‍ ശ്രമിച്ചില്ല. പക്ഷെ അടിപൊളിയായിരിക്കണേ എന്ന് മനസുകൊണ്ട് വിചാരിച്ചു. വിളിക്കാന്‍ ശ്രമിക്കണോ? (ചിരി). അവരെ ഡിസ്റ്റര്‍ബ് ചെയ്യണ്ടല്ലോ എന്ന് വിചാരിച്ചാണ് വിളിക്കാത്തത്. ഓരോരുത്തര്‍ക്കും അവരുടെ സ്‌റ്റേറ്റ് ഓഫ് മൈന്‍ഡും കാര്യങ്ങളുമുണ്ടാകില്ലേ. എനിക്കതുണ്ട്.

അതുകൊണ്ട് ഞാന്‍ മറ്റുള്ളവരെയും വിളിക്കില്ല,” മഡോണ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നയന്‍താരയെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ അണിയിച്ചൊരുക്കിയ ഗോള്‍ഡ് റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഓണം റിലീസായി ചിത്രം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റി വെക്കുകയായിരുന്നു.

Content Highlight: Actress Madonna Sebastian talks about director Alphonse Puthren

Video Stories