| Friday, 6th September 2024, 7:24 pm

ആ മോഹൻലാൽ ചിത്രം കാലത്തെ അതിജീവിച്ച് ഇന്നൊരു ക്ലാസിക്കായി മാറി: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യോദ്ധ എന്നൊരൊറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് മധുബാല. ഒറ്റയാൾ പട്ടാളം, നീലഗിരി എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും യോദ്ധയെന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിൽ കൂടുതൽ ശ്രദ്ധ നേടിയത്.

ഇരുവർ എന്ന മണിരത്നം ചിത്രത്തിലും മധുബാല മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. റിലീസ് ചെയ്ത സമയത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ട സിനിമയാണ് ഇരുവറെന്നും, എന്നാൽ കാലങ്ങൾക്കിപ്പുറം അതൊരു ക്ലാസിക്കായി മാറിയെന്നും മധുബാല പറയുന്നു.

യോദ്ധയെ കുറിച്ച് ആലോചിക്കുമ്പോൾ സംവിധായകൻ സംഗീത് ശിവനെയാണ് തനിക്ക് ഓർമ വരാറുള്ളതെന്നും അതൊരു വെക്കേഷൻ മൂഡിലുള്ള സിനിമയായിരുന്നുവെന്നും മധുബാല പറഞ്ഞു. കുനു കുനെ എന്ന പാട്ടിന്റെ ചില റീലുകൾ തനിക്ക് ചിലർ അയച്ച് തരാറുണ്ടെന്നും മധുബാല പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘റിലീസ് ചെയ്‌ത സമയത്ത് ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട സിനിമയായിരുന്നു ഇരുവർ പക്ഷേ, കാലത്തെ അതിജീവിച്ച് ഇന്ന് അതൊരു ക്ലാസിക്കായി മാറി. സിനിമാ വിദ്യാർഥികൾക്ക് പാഠപുസ്‌തകം പോലെയായി. അതൊക്കെയല്ലേ ഒരു സിനിമയുടെ അന്തിമവിജയം എന്ന് പറയുന്നത്.

യോദ്ധയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് സംഗീത് ശിവൻ സാറാണ്. അദ്ദേഹം ഈയിടെ നമ്മളെ വിട്ടുപോയി. അദ്ദേഹത്തിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം ഇന്നും മലയാളസിനിമയിലെ ക്ലാസിക്കായി കരുതുന്ന സിനിമയാണത്.

നേപ്പാളിലെ അതിമനോഹരമായ ലൊക്കേഷനും ഗാനങ്ങളുമെല്ലാം അക്കാലത്തെ വലിയ പുതുമയായിരുന്നു. കോമഡിയും ആക്ഷനും അഡ്വഞ്ചറും എല്ലാം ചേർന്ന ഒരു സിനിമ. ജഗതി ശ്രീകുമാർ സാറിനൊപ്പമെല്ലാം ഒരുപാട് കോമ്പിനേഷൻ രംഗങ്ങളുണ്ടായിരുന്നു.

ഒരു വെക്കേഷൻപോലെ ആസ്വദിച്ച സിനിമയായിരുന്നു യോദ്ധ. പലരും കുനുകുനേ എന്ന പാട്ടിൻ്റെ റീലുകൾ അയച്ചുതരാറുണ്ട്. അതെല്ലാം കാണുമ്പോൾ വലിയ സന്തോഷം തോന്നും,’മധുബാല പറയുന്നു.

Content Highlight: Actress Madhubala Talk About Mohanlal’s Iruvar Movie

We use cookies to give you the best possible experience. Learn more