|

മലയാളത്തിലായിരുന്നു ഓഡിഷന്‍ ചെയ്തത്, എന്നിട്ടും ഈ കഥാപാത്രത്തെ നിങ്ങളെനിക്ക് തന്നു: പുരസ്‌കാരമേറ്റുവാങ്ങി നന്ദി പറഞ്ഞ് ലിജോമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ് ഭീം എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി താരമാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ സെങ്കണി എന്ന കഥാപാത്രമായി നടത്തിയ മികച്ച പ്രകടനത്തിന് 2022ലെ സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ലിജോമോളായിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടന്‍ സൂര്യയും സംവിധായകന്‍ ജ്ഞാനവേലും അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ലിജോമോള്‍ സംസാരിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

താരത്തിന്റെ ആദ്യത്തെ ഫിലിംഫെയര്‍ പുരസ്‌കാരമാണിത്.

”എനിക്ക് ഈ അവാര്‍ഡ് തന്നതിന് ഫിലിം ഫെയറിന് നന്ദി. ഇതെന്റെ ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണ്. ജ്ഞാനവേല്‍ സാര്‍, എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി. സെങ്കണിയെ എനിക്ക് തന്നതിന് നന്ദി.

ഞാന്‍ മലയാളത്തിലായിരുന്നു ഓഡിഷന്‍ ചെയ്തത്, നിങ്ങള്‍ക്കത് ഓര്‍മയുണ്ടായിരിക്കും. എന്നിട്ടും സെങ്കിണി എന്ന കഥാപാത്രത്തെ നിങ്ങള്‍ എനിക്ക് തന്നെ തന്നു. തമിഴില്‍ തന്നെ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു.

അത്രയും വിശ്വാസം എന്റെ കാര്യത്തില്‍ ഉണ്ടായതിന് എനിക്ക് എന്നും സാറിനോട് നന്ദിയുണ്ടായിരിക്കും.

സൂര്യ സാര്‍, യൂ ആര്‍ എ വണ്ടര്‍ഫുള്‍ ഹ്യൂമന്‍ ബീയിങ്. ഷൂട്ടിന്റെ സമയത്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്ന സ്‌നേഹത്തിനും പിന്തുണക്കും ആത്മവിശ്വാസത്തിനും പ്രോത്സാഹനത്തിനും നന്ദി. താങ്ക് യൂ സോ മച്ച്.

ജ്യോതിക മാം, രാജശേഖര പാണ്ഡ്യന്‍ സാര്‍, എനിക്ക് ഈ അവസരം തന്നതിന് എല്ലാവര്‍ക്കും നന്ദി. എന്റെ സഹതാരം മണികണ്ഠന്‍ അണ്ണന്‍, ട്രെയിനേഴ്‌സ് എല്ലാവര്‍ക്കും നന്ദി. എത്ര നന്ദി പറഞ്ഞാലും അത് മതിയാകില്ല.

കാരണം സെങ്കണിയാക്കി എന്നെ മാറ്റിയതിന് പിന്നില്‍ അത്രയും ഹാര്‍ഡ് വര്‍ക്കുണ്ട്. എല്ലാവരും വളരെ സിന്‍സിയറായാണ് ഇതിന് വേണ്ടി വര്‍ക്ക് ചെയ്തത്. ജയ് ഭീമിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും നന്ദി,” പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലിജോമോള്‍ ജോസ് പറഞ്ഞു.

Content Highlight: Actress Lijomol Jose received best actress award in 2022 South Filmfare

Video Stories