സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് നടി ലിജോ മോള്‍. ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. സിനിമയില്‍ എത്തിയതിനെ കുറിച്ച് മനസുതുറക്കുകയാണ് ലിജോ മോള്‍.
ഒഡീഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയതെന്നും യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ലിജോ മോള്‍ പറയുന്നു.
1993-ല്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. സൂര്യ നിര്‍മിച്ച് അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇരുള വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയായാണ് ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തെ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ലിജോ മോള്‍ പറയുന്നു.
നാല്‍പത് ദിവസത്തോളം ഇരുള വിഭാഗക്കാര്‍ക്കൊപ്പം ചെലവിട്ടു. ഇപ്പോഴും അവര്‍ക്ക് യാതൊരുവിധത്തില്‍പ്പെട്ട പരിഗണനയും സമൂഹത്തില്‍ നിന്ന് കിട്ടുന്നില്ലെന്നും ലിജോ മോള്‍ പറഞ്ഞു.
ചിത്രത്തിലെ ലിജോ മോളുടെ പ്രകടനത്തെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും രംഗത്തെത്തിയിരുന്നു. ലിജോയും മണികണ്ഠനും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നും രണ്ടുപേരും ഇരുള വിഭാഗക്കാര്‍ക്കൊപ്പം താമസിച്ചെന്നും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും അവര്‍ക്കൊപ്പം വീട് വൃത്തിയാക്കിയും അവരുടെ ജീവിതം മനസിലാക്കിയെടുത്തെന്നുമായിരുന്നു സൂര്യ പറഞ്ഞത്.
അതേസമയം സര്‍ക്കാരിനെതിരെയുള്ള സമരമല്ല ജയ് ഭീം എന്നാണ് സംവിധായകന്‍ ജ്ഞാനവേല്‍ പറഞ്ഞത്. സമൂഹത്തിലെ നിശ്ശബ്ദതയ്‌ക്കെതിരെയാണ് ഈ സിനിമ. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണിത്. സമൂഹത്തില്‍ പലതരം ക്രൂരകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എല്ലാം സിനിമ കണ്ടാല്‍ മനസിലാവും, അദ്ദേഹം പറഞ്ഞു.
ഏത് വേഷവും ചേരുന്ന നടനാണ് സൂര്യയെന്നും ആദ്യം ചെറിയ സിനിമയായാണ് ജയ് ഭീം പ്ലാന്‍ ചെയ്തതെന്നും സൂര്യ വന്നതിന് ശേഷമാണ് സിനിമ വലുതായതെന്നും അദ്ദേഹം പറഞ്ഞു.