| Sunday, 11th July 2021, 10:42 am

നൂറുപേരുടെ മുന്നില്‍ കോപ്രായം കാണിക്കാനൊന്നും പറ്റില്ല, എന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു സിനിമ; ലിയോണ ലിഷോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമയെ ആഗ്രഹിച്ച് എത്തിയ ആളല്ല താനെന്ന് പറയുകയാണ് നടി ലിയോണ ലിഷോയ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചലച്ചിത്ര ലോകത്തേക്ക് എത്തിയതിനെപ്പറ്റി ലിയോണ മനസ്സുതുറന്നത്.

‘ആഗ്രഹിച്ച് സിനിമയില്‍ വന്നയാളല്ല ഞാന്‍. പെട്ടെന്ന് ഒരു ഓഫര്‍ വന്നു. അച്ഛന്‍ എന്നോട് ചോദിച്ചു സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന്. എന്നാല്‍ നീ പോയി അഭിനയിച്ചോളു എന്ന് പറഞ്ഞ് എന്നെ തള്ളിവിട്ടതാണ്.

നൂറുപേര്‍ നോക്കി നില്‍ക്കുന്നയിടത്ത് കോപ്രായം കാണിക്കാനൊന്നും എനിക്ക് പറ്റില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു സിനിമ. ബാംഗ്ലൂര്‍ പഠിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല.

എന്റെ സുഹൃത് വലയത്തിന് അപ്പുറത്തേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. ഓഫര്‍ വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞത് നീ ഒന്ന് ശ്രമിച്ച് നോക്കൂ എന്നായിരുന്നു. ഞാന്‍ അപ്പോഴും പറ്റില്ല എന്ന് തന്നെ പറഞ്ഞു.

പിന്നെയും കുറേ ഓഫറുകള്‍ വന്നപ്പോഴാണ് അച്ഛന്‍ എന്നെ പിടിച്ചിരുത്തി സമാധാനമായി പറഞ്ഞത് ഒന്ന് നോക്കി നോക്കൂവെന്ന്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഓഫറല്ല. ചെയ്ത് നോക്കിയിട്ട് ഇഷ്ടമായില്ലെങ്കില്‍ നിര്‍ത്തിക്കോളു എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.

കലികാലം എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. അത് അച്ഛന്റെ സുഹൃത്തിന്റെ തന്നെ പടമായിരുന്നു. എല്ലാവരും അറിയുന്ന ആള്‍ക്കാരാണ്. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നൊക്കെ അച്ഛന്‍ പറഞ്ഞു.

അച്ഛനും കൂടെ വരാം. ക്യാമറയ്ക്ക് പിന്നില്‍ എന്നൊക്കെ പറഞ്ഞു. കുട്ടികളെ ലോലിപോപ്പ് കാട്ടി കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു. സ്റ്റേജില്‍ പാട്ട് പാടുന്ന സീനായിരുന്നു ആദ്യം എടുത്തത്.

നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരും എന്നെ നല്ലപോലെ സപ്പോര്‍ട്ട് ചെയ്തിരുന്നു. മധു അമ്പാട്ട് സര്‍ ആയിരുന്നു ക്യാമറ ചെയ്തിരുന്നത്.

അങ്കിളായിരുന്നു ആ സമയത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും അങ്കിള്‍ വിളിച്ച് മോണിറ്ററില്‍ എന്റെ പെര്‍ഫോമന്‍സ് എനിക്ക് തന്നെ കാണിച്ച് തരുമായിരുന്നു. ആ പാട്ട് സീന്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ കംഫര്‍ട്ട് ആയത്,’ ലിയോണ പറഞ്ഞു.

2012ല്‍ റെജി നായര്‍ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ ചലച്ചിത്ര ലോകത്ത് എത്തിയത്. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്തു.

എന്‍ ഇനിയ കാതല്‍ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്‌സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡ സിനിമയിലും ലിയോണ തുടക്കം കുറിച്ചു. ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സിനിമാ-സീരിയല്‍ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Leona Lishoy About Her Film Career

We use cookies to give you the best possible experience. Learn more