ഞാന്‍ മൂന്ന് കെട്ട് കെട്ടിയാല്‍ ഇനിയങ്ങോട്ടും ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന് സിദ്ദിഖിക്ക പറഞ്ഞു, ചെറുതായിട്ട് ഞാനൊന്ന് പേടിച്ചു: ലെന
Entertainment news
ഞാന്‍ മൂന്ന് കെട്ട് കെട്ടിയാല്‍ ഇനിയങ്ങോട്ടും ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന് സിദ്ദിഖിക്ക പറഞ്ഞു, ചെറുതായിട്ട് ഞാനൊന്ന് പേടിച്ചു: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 11:05 am

തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നടന്‍ സിദ്ദിഖിനൊപ്പം പതിനെട്ട് സിനിമകള്‍ ചെയ്തുവെന്ന് നടി ലെന. ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ സംഭവിച്ച രസകരമായ അനുഭവവും താരം പങ്കുവെച്ചു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ താലികെട്ട് സീനില്‍ മൂന്ന് തവണ കെട്ടിയാല്‍ ഇനിയങ്ങോട്ട് എല്ലാ സിനിമയിലും തന്റെ ഭാര്യയായിട്ട് അഭിനയിക്കണമെന്ന് സിദ്ദിഖ് പറഞ്ഞെന്നും, അത് കേട്ട് താന്‍ പേടിച്ച് പോയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആദ്യത്തെ പത്ത് വര്‍ഷം ഞാന്‍ ദു:ഖപുത്രിയായിട്ടാണ് കൂടുതലും അഭിനയിച്ചത്. പിന്നീടുള്ള പത്ത് വര്‍ഷം ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പലതും ബോള്‍ഡ് ലേഡിയായിട്ടായിരുന്നു. ഇനിയങ്ങോട്ടുള്ള പത്ത് വര്‍ഷങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് നോക്കി തന്നെ അറിയണം. ഞാന്‍ സിനിമയിലെത്തിയിട്ട് ഇപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി. ഇപ്പോഴും ഇവിടെയിങ്ങനെ സജീവമായി നില്‍ക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്.

നല്ല സ്റ്റാര്‍ കാസ്റ്റിങ്ങും പ്രൊഡക്ഷന്‍ ടീമുമൊക്കെ ഒപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ജീവിതത്തിലെ മഹാഭാഗ്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്. എന്നാല്‍ എന്റെ പുതിയ സിനിമയായ ‘എന്നാലും എന്റളിയ’യില്‍ എല്ലാവര്‍ക്കും പരിചയമുള്ള സാധാരണക്കാരിയായ ഒരു സ്ത്രീയായാണ് ഞാന്‍ വേഷമിടുന്നത്. സിനിമയുടെ ഓളത്തിനൊപ്പം രസകരമായി പോകുന്ന കഥാപാത്രമാണത്.

ജയരാജ് സംവിധാനം ചെയ്ത സ്നേഹമായിരുന്നു ഞാന്‍ അഭിനയിച്ച ആദ്യ സിനിമ. അന്ന് ഞാന്‍ ലെവന്‍ത് സ്റ്റാന്‍ഡേര്‍ഡിലായിരുന്നു പഠിക്കുന്നത്. ആ സിനിമയില്‍ സിദ്ദിഖിക്കയുടെ കൂടെയാണ് ഞാന്‍ അഭിനയിച്ചത്. സിനിമയില്‍ കല്യാണം കഴിക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇപ്പോള്‍ ഈ താലി ഞാന്‍ മൂന്ന് കെട്ടുകെട്ടിയാല്‍ ഇനിയുള്ള സിനിമകളിലെല്ലാം എന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന് സിദ്ദിഖിക്ക പറഞ്ഞു.

എന്നെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ഇക്ക അങ്ങനെ പറഞ്ഞത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ചെറുതായിട്ടൊന്ന് പേടിച്ചിരുന്നു. അതിനുശേഷം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. അങ്ങനെയങ്ങനെ ഇപ്പോള്‍ പതിനെട്ട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പതിനെട്ട് എന്റെ ലക്കി നമ്പറാണ്.

കരിയര്‍ നോക്കുകയാണെങ്കില്‍ ഏറ്റവും നല്ല ചില ക്യാരക്ടര്‍ ഞാന്‍ ചെയ്തിരിക്കുന്നത് സിദ്ദിഖിക്കയുടെ കൂടെയാണ്. വെള്ളിമൂങ്ങ, ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ അങ്ങനെ കുറേയുണ്ട്. അതെല്ലാം വെച്ച് നോക്കുമ്പോള്‍ ഈ സിനിമയിലെ പെയറാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കരീം,സുലു എന്നിങ്ങനെയാണ് ഞങ്ങളുടെ കഥാപാത്രങ്ങളുടെ പേര്.

ഇക്കയുടെ കൂടെ ഒരു സിനിമ മുഴുവനായി വര്‍ക്ക് ചെയ്യുന്നത് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊരു 25 വര്‍ഷത്തെ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞതിന്റെ റിസല്‍ട്ടായിരിക്കും ഈ സിനിമ,’ ലെന പറഞ്ഞു.

 

 

CONTENT HIGHLIGHT: ACTRESS LENA TALKS ABOUT HER FIRST MOVIE WITH SIDHIQUE