| Monday, 9th January 2023, 4:11 pm

മാത്‌സ് ക്ലാസില്‍ നിന്നും വളരെ ഈസിയായിട്ടാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്: ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയരാജ് സംവിധാനം ചെയ്ത ‘സ്‌നേഹം’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് ലെന. തന്റെ അഭിനയ ജീവിതത്തില്‍ നീണ്ട 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരം സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ച് പറയുകയാണ്.

ഒട്ടും ബുദ്ധിമുട്ടാതെ , മാത്‌സ് ക്ലാസ്സില്‍ നിന്നും വളരെ അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും തുടക്കത്തില്‍ സിനിമ തനിക്ക് ഒരു ഹോബി മാത്രമയിരുന്നെന്നും പിന്നീടാണ് തിരിച്ചറിവുകളുണ്ടായതെന്നും താരം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ സൂപ്പര്‍ ഈസി ആയിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഒന്നാമത്തെ കാര്യം ഇത് ദൈവം തന്ന കഴിവാണ്. അഭിനയം എന്ന് പറയുന്നത് ജന്മനാ കൂടെയുള്ള കഴിവാണ്. മാത്‌സ് ക്ലാസിലിരുന്ന എന്നെ ജയരാജ് സാറിന്റെ സിനിമയിലേക്ക് വിളിക്കുന്നു.
ഞങ്ങളുടെ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷേക്സ്പിയറിന്റെ ഡ്രാമക്ക് വേണ്ടിയുള്ള ആളുകളെ തെരഞ്ഞെടുക്കാന്‍ ഒരു മോക്ക് ഓഡിഷന്‍ നടത്തി.

എനിക്ക് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. സിനിമക്കുള്ള ഓഡിഷന്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഭയങ്കര ടെന്‍ഷന്‍ ആകുമായിരുന്നു. സകൂളിലെ ഓഡിഷനേല്ല, ഇതൊക്കെയെന്ത് എന്നും പറഞ്ഞാണ് ഞാന്‍ അവിടേക്ക് പോയത്. ആ ഓഡിഷനില്‍ ഇരുന്നവരുടെ കൂട്ടത്തില്‍ ജയരാജ് സാറിന്റെ അസോസിയേറ്റ് ഡയറക്ടറും, സിനിമയുടെ പ്രൊഡ്യൂസറുമൊക്കെ ഉണ്ടായിരുന്നു. എനിക്കതൊന്നും അറിയില്ലായിരുന്നു.

എന്നിട്ട് അടുത്ത ദിവസം വിളിച്ച് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ തന്നെ താല്പര്യമുണ്ടെന്ന് പറഞ്ഞു. അവിടെനിന്നും നേരെ സിനിമയിലേക്ക് വരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സൂപ്പര്‍ ഈസി എന്‍ട്രിയായിരുന്നു.

ഓഡിഷന്‍സിനു പോയി കഷ്ടപ്പെട്ട് ഓരോരുത്തരുടെ കാലുപിടിച്ചൊക്കെ സിനിമയിലേക്ക് വന്ന ഒരുപാട് സഹപ്രവര്‍ത്തകരും കൂട്ടുകാരും എനിക്കുണ്ട്. അവര്‍ ഈ കഥകളൊക്കെ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും, എന്ത് ഭാഗ്യവതി ആയിരുന്നു ഞാനെന്ന്. അഭിയനത്തിനെ കുറിച്ചോ സിനിമയെ കുറിച്ചോ പ്രത്യേകിച്ച് ഐഡിയയും കാഴ്ചപാടുമില്ലാതെ ഒഴുക്കിനനുസരിച്ച് പോയൊരു കരിയറായിരുന്നു എന്റേത്.

സിനിമ എനിക്കൊരു ഹോബി ആണെന്നും പറഞ്ഞ, അമേരിക്കയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഇന്റേണ്‍ഷിപ് ചെയ്യാന്‍ പോയ ആളാണ് ഞാന്‍. പക്ഷെ പഠിക്കാന്‍ തുടങ്ങിയപ്പോളാണ് എനിക്ക് ബോധോദയം ഉണ്ടാകുന്നത്. ഞാന്‍ സത്യത്തില്‍ ഒരു കലാകാരിയാണെന്നും ക്ലിനിക്കല്‍ സൈക്കോളജി എനിക്ക് പറ്റിയ പണിയല്ലെന്നും മനസിലായി. ആക്ഷനും കട്ടിനുമിടക്കുള്ള ഇമോഷന്‍സ് എല്ലാവര്‍ക്കും വരുന്നതല്ല. അത് വേറെ ഒരു സംഭവമാണ്. അപ്പോഴേക്കും സിനിമയൊക്കെ വിട്ട് പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് സീരിയസായിട്ടാണ് ഞാന്‍ അഭിനയത്തെ കണ്ടിട്ടുള്ളത്,’ ലെന പറഞ്ഞു.

ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ സൂരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ഗായത്രി അരുണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘എന്നാലും ന്റെളിയാ’ ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

content highlight: actress lena talks about her film career

We use cookies to give you the best possible experience. Learn more