Movie Day
എനിക്ക് ഇവിടെ മരണം വരെ നില്‍ക്കണം, സിനിമ വിട്ടൊരു ജീവിതമില്ല; തുറന്നുപറഞ്ഞ് ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 27, 02:57 pm
Tuesday, 27th July 2021, 8:27 pm

കൊച്ചി: മികച്ച കഥാപാത്രങ്ങളിലൂടെ എത്തി സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം നേടിയെടുത്ത താരമാണ് ലെന. മരണം വരെ സിനിമയില്‍ നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് ലെന. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെനയുടെ പ്രതികരണം.

‘അഭിനയത്തില്‍ ഞാന്‍ റോള്‍മോഡലായി കാണുന്നത് സുകുമാരി അമ്മ, കല്പ്പന ചേച്ചി, കെ.പി.എ.സി. ലളിത ചേച്ചി എന്നിവരെയാണ്. കാലാകാലം സിനിമയില്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം.

ഇതാണ് എന്റെ ഉദ്ദേശം. എനിക്ക് ഇവിടെ മരണം വരെ നില്‍ക്കണം. ഇത് എന്റെ കുടുംബമാണ്. ഇവിടുന്ന് പുറത്തുപോയിക്കൊണ്ടൊരു ജീവിതം എനിക്ക് കഴിയില്ല. ഈ ഫാമിലിയെ നിലനിര്‍ത്തിക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യുമായിരിക്കും ഞാന്‍. സിനിമ വിട്ട് ഒരു ജീവിതം എനിക്ക് വേണ്ട,’ ലെന പറഞ്ഞു.

ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമായ ”ഓളം” ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുനത്തില്‍ പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.

23 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Lena Talks About Film Career